X

33 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം, ജാമ്യത്തിലിറങ്ങി മുങ്ങി സുഖവാസം; ഒടുവില്‍ പ്രതി പിടിയില്‍

കോഴിക്കോട്: ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി 33 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. ഈസ്റ്റ് നടക്കാവ് ഓര്‍ക്കാട്ട്‌വയല്‍ ഒ.വി ഹൗസില്‍ മുഹമ്മദ് സലാലാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം അറസ്റ്റിലാകുന്നത്. നടക്കാവ് സ്‌റ്റേഷന്‍ പരിധിയില്‍ 1990 വര്‍ഷകാലയളവില്‍ മോഷണം നടത്തിയതിന് പിടികൂടി റിമാന്‍ഡ് ചെയ്ത പ്രതിയാണ് ജാമ്യത്തിലിറങ്ങി രക്ഷപ്പെട്ടത്. കോടതിയില്‍ വിചാരണയ്ക്ക് ഹാജരാകാതെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളില്‍ ഒളുവില്‍ കഴിഞ്ഞ് വരുകയായിരുന്നു. 2013 മുതല്‍ ഇയാളെ കോടതി നടക്കാവിലെ രണ്ട് കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. കസബ, കുന്ദമംഗലം സ്‌റ്റേഷനുകളിലും ആ കാലഘട്ടങ്ങളില്‍ നിരവധി സമാന കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ഇനി പൊലീസ് അന്വേഷിച്ച് വരില്ലെന്നും ദൂരെ എവിടെയെങ്കിലും ജീവിക്കാമെന്നും കരുതി ഇയാള്‍ കോഴിക്കോടുള്ള താമസ സ്ഥലം ഒഴുവാക്കി കണ്ണൂര്‍ ജില്ലയില്‍ വാടകക്ക് വീടെടുത്ത് കുടുംബസമേതം ആര്‍ഭാടമായി ജീവിതം നയിച്ച് വരുകയായിരുന്നു. പഴയ കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതികള്‍, കേസുകളില്‍ കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി നടത്തിയ ശ്രമകരമായ അന്വേഷണ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് പ്രതിയെ കണ്ണൂരില്‍ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെസഹായത്തോടെ പരിശോധിച്ച ശേഷം നിരവധി ഫോണ്‍ നമ്പറുകള്‍ പരിശോധിച്ച് പ്രതികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി താമസസ്ഥലം കണ്ടെത്തി. ഇത്തരത്തില്‍ പഴയ കാല കേസുകളില്‍പ്പെട്ട പല പ്രതികളുടേയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.നടക്കാവ് സബ്‌പെക്ടര്‍കൈലാസ് നാഥ് എസ്.ബി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി.ശ്രീകാന്ത്, ബൈജു പി.കെ. എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

webdesk11: