തിരുവനന്തപുരം: കേരളത്തിലും ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. എ കൗശിക്. സഞ്ചാര പാതയെപ്പറ്റി നാളെ രാവിലെ വ്യക്തത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയതായും ദുരന്ത നിവാരണ കമ്മീഷണര്‍.
അതേസമയം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘമെത്തി. എന്‍ഡിആര്‍എഫിന്റെ 18 അംഗ സംഘം പ്രദേശത്തെത്തി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.
അതേ സമയം ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ പ്രവേശിക്കും എന്നാണ് നിഗമനം. നാളെ ശ്രീലങ്കയും കടന്ന് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നതോടെ കേരളത്തില്‍ ബുറൈവിയുടെ സാന്നിധ്യം ആരംഭിക്കും.
അതേ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (അതിശക്തമായ മഴയ്ക്കു സാധ്യത). ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ട് (ശക്തമായ മഴയ്ക്കു സാധ്യത).
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് (അതിതീവ്ര മഴയ്ക്കു സാധ്യത). കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
കേരള തീരത്തു നിന്നു കടലില്‍ പോകുന്നതു പൂര്‍ണമായി നിരോധിച്ചു. കടലിലുള്ളവരോട് അടിയന്തരമായി തിരികെയെത്തണമെന്നു നിര്‍ദേശിച്ചു.