ലക്‌നോ: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കുന്നു. ഇതിനായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പദ്ധതി തയ്യാറാക്കി. ആദ്യഘട്ടമായി സ്വന്തം മണ്ഡലമായ അമേത്തിയില്‍ രാഹുലിന്റെ രണ്ടു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പാര്‍ട്ടി അധ്യക്ഷനായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് രാഹുല്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ കാണാനെത്തുന്നത്. സന്ദര്‍ശനം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി പാര്‍ട്ടി വക്താവ് അമര്‍നാഥ് പ്രതികരിച്ചു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി മറികടക്കാന്‍ അടിത്തറമുതല്‍ ശക്തിപ്പെടുത്തണമെന്ന നിര്‍ദേശമാകും രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുക. നേതാക്കളുമായും പ്രവര്‍ത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടും യു.പിയില്‍ 403 സീറ്റില്‍ ഏഴ് സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ സമ്പാദ്യം. അമേത്തിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും വരെ തിരിച്ചടികളുണ്ടായി. ഇവിടങ്ങളില്‍ ബി.ജെ.പി ആറ് സീറ്റുകളാണ് പിടിച്ചെടുത്തത്.
എന്നാല്‍ ബി.ജെ.പിയുടെ രാഷ്ട്രീയ കുതന്ത്രങ്ങളെ മറികടന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ചവെക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ചുവടുപിടിച്ച് യു.പിയിലും ഒരുകൈ നോക്കാനാണ് രാഹുലിന്റെ തീരുമാനം. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി പിടിച്ചടക്കിയാല്‍ കേന്ദ്ര ഭരണം നേടുക എന്നത് എളുപ്പമാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളും വര്‍ഗീയ നീക്കങ്ങളും തുറന്നുകാട്ടിയാവും പ്രചാരണം.
80 ലോക്‌സഭാ സീറ്റാണ് യു.പിയിലുള്ളത്. കഴിഞ്ഞതവണ ബി.ജെ.പി 71 സീറ്റില്‍ വിജയിച്ചപ്പോള്‍ സമാജ് വാദി പാര്‍ട്ടിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജനങ്ങള്‍ കൈവിടില്ലെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ പരാജയവും നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ ജനദ്രോഹ നടപടികളും പിന്നോക്ക സംസ്ഥാനമായ യു.പിയേയും തളര്‍ത്തിയിട്ടുണ്ട്. താഴെതട്ടുമുതല്‍ സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കുന്നതോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും കോണ്‍ഗ്രസിന് പ്രതീക്ഷക്ക് വകനല്‍കുന്നു.