ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയുടെ വിക്കറ്റ് വേട്ട തുടരുന്നു. അഡ്‌ലൈഡിൽ അരങ്ങേറുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ഇന്നിങ്‌സിൽ ആസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാൻ ഖ്വാജയെ പുറത്താക്കിയതോടെ കലണ്ടർ വർഷം ബുംറ 50 വിക്കറ്റുകൾ തന്റെ പേരിൽ കുറിച്ചു. ഈ വർഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ് ബുംറ. വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ഇന്ത്യൻ പേസറുടെ നേട്ടം.
ഇന്ത്യൻ ക്രിക്കറ്റിൽ കപിൽ ദേവ്, സഹീർ ഖാൻ എന്നിവർ മാത്രമാണ് മുമ്പ് ഒരു കലണ്ടർ വർഷം 50 വിക്കറ്റ് നേടിയിട്ടുള്ള കളിക്കാർ. 15.14 ആവറേജിലാണ് ബുംറയുടെ ചരിത്ര നേട്ടം. 3 ആണ് താരത്തിന്റെ എക്കോണമി റേറ്റ്. പെർത്തിൽ അരങ്ങേറിയ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബുംറയുടെ ചിറകേറിയാണ് ഇന്ത്യം ജയം പിടിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റാണ് ബുംറ തന്റെ പോക്കറ്റിലാക്കിയത്.
അതേസമയം അഡ്‍ലൈഡ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ഓസീസ് ബോളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. മിച്ചൽ സ്റ്റാർക്ക് കൊടുങ്കാറ്റായാവതരിച്ചപ്പോൾ വെറും 180 റൺസിന് സന്ദർശകർ കൂടാരം കയറി. 15 ഓവറിൽ 48 റൺസ് വഴങ്ങി ആറ് വിക്കറ്റ് പിഴുതാണ് മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ ബാറ്റിങ് നിരയുടെ ചിറകൊടിച്ചത്.
42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 37 റൺസെടുത്ത കെ.എൽ രാഹുലും 31 റൺസെടുത്ത ശുഭ്മാൻ ഗില്ലും 22 റൺസെടുത്ത അശ്വിനുമാണ് അൽപമെങ്കിലും പൊരുതി നോക്കിയ മറ്റു ബാറ്റർമാർ. ഇന്ത്യൻ നിരയിൽ മൂന്ന് കളിക്കാർ സംപൂജ്യരായി മടങ്ങി