X

സിക്‌സടിച്ച് ഫിഫ്റ്റി, ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍! ; ഞെട്ടിച്ച് ബുമ്ര

സിഡ്‌നി: ജസ്പ്രീത് ബുമ്രയെന്ന ബാറ്റ്‌സ്മാനെ നിങ്ങള്‍ക്കറിയില്ല!. ബോളിങ്ങില്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന ജസ്പ്രീത് ബുമ്ര, ബാറ്റിങ്ങിലും ഇതാ, ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍!. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ സന്നാഹ മത്സരത്തിലാണ് ഇന്ത്യ എയ്ക്കായി ബുമ്രയുടെ അസാമാന്യ ബാറ്റിങ് പ്രകടനം. മത്സരത്തിലാകെ 57 പന്തുകള്‍ നേരിട്ട ബുമ്ര, 55 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടുന്നതാണ് ബുമ്രയുടെ ഇന്നിങ്‌സ്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ടോപ് സ്‌കോററും ബുമ്ര തന്നെ. ബുമ്രയുടെ കന്നി ഫസ്റ്റ് ക്ലാസ് അര്‍ധസെഞ്ചുറിയാണിത്.

പത്താം വിക്കറ്റില്‍ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് ബുമ്ര കൂട്ടിച്ചേര്‍ത്ത 71 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്! സിറാജ് 34 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്ത് പുറത്തായി. ഇവരുടെ അസാമാന്യ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തില്‍ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നേടിയത് 194 റണ്‍സ്. ഒരുവേള ഒന്‍പതിന് 123 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ടീമിനെയാണ് ഇരുവരും ചേര്‍ന്ന് 200ന്റെ തൊട്ടടുത്തെത്തിച്ചത്.

സീന്‍ ആബട്ട്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്വെപ്‌സണ്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെട്ട ബോളിങ് നിരയ്‌ക്കെതിരെയാണ് ബുമ്രയുടെ അര്‍ധസെഞ്ചുറി പ്രകടനം. വ്യക്തിഗത സ്‌കോര്‍ 47ല്‍ നില്‍ക്കെ വില്‍ സൂതര്‍ലാന്‍ഡിനെതിരെ തകര്‍പ്പന്‍ സിക്‌സറുമായാണ് ബുമ്ര അര്‍ധസെഞ്ചുറി പിന്നിട്ടത്. ഇതിനിടെ ബുമ്രയുടെ ഒരു ഷോട്ട് തലയില്‍ പതിച്ച കാമറൂണ്‍ ഗ്രീനിന് ബോളിങ് അവസാനിപ്പിച്ച് മടങ്ങേണ്ടി വരികയും ചെയ്തു.

മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ തുടങ്ങിയവരെല്ലാം അണിനിരന്ന ഇന്ത്യന്‍ ഇന്നിങ്‌സിലാണ്, ബുമ്ര ടോപ് സ്‌കോററായതെന്നതും ശ്രദ്ധേയം. 58 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ പിന്തള്ളിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ പട്ടം ബുമ്ര സ്വന്തമാക്കിയത്.

ആഭ്യന്തര ക്രിക്കറ്റിലോ രാജ്യാന്തര ക്രിക്കറ്റിലോ ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലുമില്ലാത്ത താരമാണ് ബുമ്ര. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരിക്കല്‍ പുറത്താകാതെ നേടിയ 42 റണ്‍സാണ് കരിയറിലെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.

Test User: