ന്യൂഡല്‍ഹി: അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ ശിലാസ്ഥാപനം അഭിമാന നേട്ടമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വിമര്‍ശനവുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെക്കൊപ്പം ബുള്ളറ്റ് ട്രെയിന്‍ ശിലാസ്ഥാപനം നടത്തിയതിന്റെ വിശേഷം കുറിച്ച ട്വിറ്റര്‍ സന്ദേശങ്ങള്‍ക്കു കീഴെ കമന്റ് ആയാണ് പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ നിറഞ്ഞിരിക്കുന്നത്. #BulletTrain എന്ന ഹാഷ് ടാഗ് തരംഗമായപ്പോഴും മിക്ക ട്വീറ്റുകളും മോദിക്ക് എതിരായിരുന്നു.
വര്‍ത്തമാന സാഹചര്യത്തില്‍ ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനിന്റെ ആവശ്യമെന്ത് എന്നാണ് അധിക പേരും ചോദിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ സുരക്ഷയുടെ കാര്യത്തില്‍ മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ 1.10 ലക്ഷം കോടിയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി എന്തിന് എന്നാണ് ചോദ്യങ്ങള്‍. റെയില്‍വെ സുരക്ഷയിലെ വീഴ്ച കാരണം ഏറ്റവുമധികം അപകടങ്ങളും മരണങ്ങളുമുണ്ടായ വര്‍ഷമാണ് 2017. റെയില്‍വേയെ സുരക്ഷിതമാക്കാന്‍ നടപടികള്‍ കൈക്കൊള്ളുന്നതിനു പകരം ജപ്പാനില്‍ നിന്ന് കടംവാങ്ങി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നതെന്തിന് എന്ന് ഡോ. ശശി തരൂര്‍ അടക്കമുള്ളവര്‍ ചോദിക്കുന്നു.
മോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്തില്‍ ആരംഭിച്ച അഹമ്മദാബാദ് മെട്രോയുടെ ഗതി തന്നെയായിരിക്കുമോ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കും എന്നാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ മറ്റൊരു ചോദ്യം. അഹമ്മദാബാദ് മെട്രോ ഇപ്പോഴും തുടങ്ങിയിടത്തു തന്നെ നില്‍പാണ്. നഗരങ്ങളില്‍ മെട്രോയ്ക്കു പകരം ബുള്ളറ്റ് ട്രെയിന്‍ ഓടുന്ന നഗരമാവും അഹമ്മദാബാദ് എന്ന പരിഹാസവും ഉയരുന്നുണ്ട്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ ഉള്‍പ്പെടുത്താതെ മെട്രോ പദ്ധതി പ്രഖ്യാപിച്ചതിലെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഈ നീക്കമെന്നാണ് ഒരു വിലയിരുത്തല്‍. ബുള്ളറ്റ് വേഗത്തില്‍ മുംബൈക്കാര്‍ അഹമ്മദാബാദില്‍ ചെന്നിട്ട് എന്താണ് കാര്യമെന്നും ഗുജറാത്തി വിഭവമായ ‘ധോക്‌ല’ തിന്നുകയാണോ ലക്ഷ്യമെന്നുമുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെയുടെ പ്രസ്താവന വ്യാപകമായി ട്വീറ്റ് ചെയ്യപ്പെടുന്നു. അഹമ്മദാബാദ് – മുംബൈ റൂട്ടിലെ 500 കിലോമീറ്ററില്‍ മാത്രം ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നത് വന്‍ നഷ്ടമായിരിക്കുമെന്നും വിലയിരുത്തലുണ്ട്.