X

പാര്‍ലമെന്റിലേക്കുകൂടി നീളുന്ന ബുള്‍ഡോസറുകള്‍-കെ.പി ജലീല്‍

2022 ജൂലായ് 6ന് ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായൊരു അധ്യായത്തിനാണ് തിരശീല വീണിരിക്കുന്നത്. വേണമെങ്കിലിതിനെ ഒരധ്യായത്തിന്റെ ആരംഭമെന്നും വിശേഷിപ്പിക്കാം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അധികാരത്തിലിരിക്കുന്ന കക്ഷിക്ക് രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ സമുദായത്തില്‍നിന്ന് ഒരാള്‍പോലും ഇല്ലാത്ത അവസ്ഥവന്നിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം 1952ല്‍ പ്രഥമ സര്‍ക്കാര്‍ മുതലിങ്ങോട്ട് 18 മന്ത്രിസഭകളിലുമുണ്ടായിരുന്ന മുസ്‌ലിംപ്രാതിനിധ്യമാണ് ഇക്കഴിഞ്ഞ ബുധനാഴ്ചയോടെ പര്യവസാനിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ രാജ്യസഭാ എം.പിയും ന്യൂനപക്ഷ വകുപ്പുമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി രാജിവെച്ചതോടെയാണിത്. അദ്ദേഹത്തിന്റെ രാജ്യസഭാകാലാവധി അവസാനിക്കുന്നതിന്റെ ഭാഗമായായിരുന്നു രാജി. 2018ല്‍ ലൈംഗിക വിവാദത്തെതുടര്‍ന്ന് രാജിവെച്ച എം.ജെ അക്ബര്‍, ജൂലായ് നാലിന് കാലാവധി അവസാനിച്ച സെയ്ദ് സഫര്‍ ആലം, മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവരുടെ രാജ്യസഭാകാലാവധിയാണ് അവസാനിച്ചത്. ബി. ജെ.പിയുടെ മൊത്തമുള്ള 395 എം.പിമാരില്‍ ഒരാള്‍ പോലും മുസ്‌ലിമല്ലാതായിരിക്കുന്നു. യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല ഇതെന്ന് ഇന്ത്യയുടെ സമീപകാല രാഷ്ട്രീയത്തെയും ബി.ജെ.പിയെയും അടുത്തറിയുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും. അതുകൊണ്ടുതന്നെയായിരിക്കണം ഈ ചരിത്രസംഭവം ഇന്ത്യയിലെ മാധ്യമങ്ങളിലൊന്നിലും വലിയ വാര്‍ത്തയല്ലാതായതും. അല്‍ജസീറ, സി.എന്‍.എന്‍ പോലുള്ള വിദേശമാധ്യമങ്ങള്‍ വിഷയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇത് വാര്‍ത്തയായി നല്‍കുകയുംചെയ്തു. ‘ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ഭരണകക്ഷിക്ക് ഒരു മുസ്‌ലിം എം.പി ഇല്ലാതായി’ എന്നായിരുന്നു ജൂലായ് ആറിന് പ്രസിദ്ധീകരിച്ച അല്‍ജസീറയുടെ വാര്‍ത്താതലക്കെട്ട്. 2014 മുതല്‍ ഇന്ത്യയില്‍ മുസ്്‌ലിംകള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുടെ ആരോപണത്തിനിടയിലായാണ് ഇതുമെന്നാണ് ടി.വി എഴുതിയിരിക്കുന്നത്. ഇതോടെ കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പിന് ന്യൂനപക്ഷ സമുദായാംഗം ഇല്ലാതെ പോകുന്നുവെന്ന പ്രത്യേകതയുമുണ്ട്. നഖ്‌വിക്ക്പകരം വകുപ്പ് നല്‍കിയിരിക്കുന്നത് ബി.ജെ.പിയുടെ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗം സ്മൃതി ഇറാനിക്കാണ്.

കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഒരൊറ്റ മുസ്്‌ലിമിനും ബി.ജെ.പി സീറ്റ് നല്‍കുകപോലുമുണ്ടായില്ല. 18 സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള ബി.ജെ.പിക്ക് എവിടെയും ഒരൊറ്റ മുസ്്‌ലിം എം.എല്‍.എയില്ല. യു.പിയില്‍ 2017ലും ബി.ജെ.പിക്ക് ഒരൊറ്റ മുസ്്‌ലിം എം.എല്‍.എയുമുണ്ടായില്ല. രാജ്യത്ത് 1952 മുതലുള്ള ഒരു കാലത്തും ജനസംഖ്യാനുപാതികമായി മുസ്്‌ലിംകള്‍ക്ക് പാര്‍ലമെന്റംഗത്വം ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. 1952-77 കാലത്തെ പാര്‍ലമെന്റുകളില്‍ ശരാശരി 25 മുസ്്‌ലിംകളാണ് എം.പിമാരായി ഉണ്ടായിരുന്നെങ്കില്‍ 1977-2002 കാലത്ത് അത് 35 ആയി ഉയര്‍ന്നിരുന്നു. ഇത് 2002മുതല്‍ കുറഞ്ഞു 28 ആയി. ഇതുവരെ ശരാശരി ആറു ശതമാനം പ്രാതിനിധ്യമാണ് ജനസംഖ്യയിലെ 20 ശതമാനത്തോളമുള്ള സമുദായത്തിന് ലഭിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം മുസ്‌ലിം എം.പിമാരുണ്ടായത് (9 ശതമാനം) 1980ലെ തിരഞ്ഞെടുപ്പിലാണ്. ഏറ്റവും കുറവ് 1952ലും 2004ലും (4 ശതമാനം). പക്ഷേ പാര്‍ലമെന്റിലെ ഇതരസമുദായങ്ങളുടെ തോത് ഇക്കാലയളവില്‍ ഗണ്യമായി വര്‍ധിച്ചതായി കാണാം. 1984ല്‍ ഹിന്ദി സംസ്ഥാനങ്ങളില്‍നിന്ന് 11 ശതമാനം പിന്നാക്കക്കാരാണുണ്ടായതെങ്കില്‍ 1990ല്‍ അത് 20 ശതമാനമായി ഉയര്‍ന്നു. അതേസമയം ഇന്ത്യന്‍ പാര്‍ലമെന്റിലെ മുന്നാക്കക്കാരുടെ എണ്ണം എക്കാലത്തും അവരുടെ ജനസംഖ്യാനുപാതത്തിനും എത്രയോ മുകളിലാണ്. 2019ല്‍ പിന്നാക്കക്കാരുടെ സംഖ്യ 22 ശതമാനമായിരുന്നപ്പോള്‍ മുന്നാക്കജാതിക്കാരുടെ ശതമാനം 29 ആണ്.

ജനാധിപത്യത്തില്‍ ജനപ്രതിനിധിസഭകളിലും ഭരണതലത്തിലും ഓരോ ജനവിഭാഗത്തിനും പ്രത്യേകം പ്രാതിനിധ്യം ഉണ്ടെങ്കില്‍മാത്രമേ അവരുടെ സവിശേഷമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനും ഭരണകൂടത്തിന് കഴിയുകയുള്ളൂവെന്നതാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട തത്വം. എന്തുകൊണ്ടാണ് ഒരു രാജ്യത്തെ 20 കോടിയോളം വരുന്നൊരു സമുദായത്തിന് രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ പേരിനുപോലുമൊരു സ്ഥാനമില്ലാതെ പോകുന്നതെന്നതാണ് വിഷയം. അതിന്റെ കാരണം ഒരു നൂറ്റാണ്ടോളംമുമ്പ് ഹിന്ദുത്വത്തിന്റെ നേതാക്കളും വക്താക്കളും സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച മുസ്്‌ലിം-വംശീയ വിരുദ്ധതയാണ്. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തരകാല സര്‍ക്കാരുകളിലും മുസ്്‌ലിംകള്‍ക്ക് ആനുപാതികമായല്ലെങ്കിലും പ്രാതിനിധ്യമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിന് എണ്ണമറ്റ മുസ്‌ലിംകളാണ് വീറോടെ പോരാടി രണാങ്കണങ്ങളില്‍ മരിച്ചുവീണത്. നിരവധി മുസ്‌ലിം നേതാക്കള്‍ ദേശീയ-സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗഭാക്കായിരുന്നു. അവരില്‍ ഖാന്‍അബ്ദുല്‍ ഗഫാര്‍ഖാന്‍ (അതിര്‍ത്തിഗാന്ധി), മൗലാനാ അബുല്‍കലാം ആസാദ്, മുഹമ്മദലി ജിന്ന, അലി സഹോദരന്മാര്‍ തുടങ്ങിയവരുടെ പേരുകള്‍ സുപരിചിതം. പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റുവിന്റെ ആദ്യമന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു മതപണ്ഡിതന്‍കൂടിയായ മൗലാനാ ആസാദ്.

സ്വാതന്ത്ര്യസമരത്തിലും പിന്നീടും ഏതൊരു പ്രത്യയശാസ്ത്രമാണോ രാജ്യം തളളിക്കളയാന്‍ ശ്രമിച്ചത് അത് രാജ്യത്തിന്റെ കുഞ്ചികസ്ഥാനങ്ങളിലെല്ലാം പിടിമുറുക്കിയ ഘട്ടത്തില്‍ അധികാരസ്ഥാനങ്ങളിലും ജനപ്രതിനിധിസഭകളിലുംനിന്ന് മുസ്്‌ലിംകളെ ഒഴിവാക്കുന്നതിനെ സ്വാഭാവികമായേ കാണാനാകൂ. നൂറ്റാണ്ടുകളായി ദലിതുകളെയും പിന്നാക്കക്കാരെയും ഇതുപോലെ പൊതുജീവിതത്തിന്റെ ഏഴയലത്തുനിന്ന് ആട്ടിപ്പായിച്ചവര്‍ ഇന്ന് മതത്തിന്റെ പേരിലെങ്കിലും അവരെ പേരിനെങ്കിലും ഉള്‍പെടുത്തിയിട്ടുണ്ടെങ്കില്‍ മുസ്്‌ലിംകളെമാത്രം നിഷ്‌കാസിതമാക്കുന്നതിന് പിന്നിലെ ചേതോവികാരം അടിസ്ഥാനപ്രത്യയശാസ്ത്രമായ തീവ്രഹിന്ദുത്വ ദേശീയതമാത്രമാണ്. എ.ബി വാജ്‌പേയിയും എല്‍. കെ അദ്വാനിയും മുരളിമനോഹര്‍ജോഷിയും മറ്റും ബി.ജെ.പിയെ നിയന്ത്രിച്ചിരുന്നകാലത്തുപോലും ഇല്ലാത്ത രീതിയിലാണ് മുസ്്‌ലിംകളെ ആ പാര്‍ട്ടിയുടെ പാര്‍ലമെന്ററി സംവിധാനത്തിന്റെ അയലത്തുപോലും അടുപ്പിക്കാതിരിക്കുന്നത്. 2022 ഫെബ്രുവരിയിലെ ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യമന്ത്രി യോഗിആദിത്യനാഥ് പറഞ്ഞതിന്റെ പ്രതിഫലനമാണിത്. 80 ഉം 20ഉം ശതമാനങ്ങള്‍ തമ്മിലുള്ള മല്‍സരമാണതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യമായ കമന്റ്. ഇതിനര്‍ത്ഥം 80 ശതമാനംവരുന്ന ഹിന്ദുമതവിശ്വാസികളുടെ വോട്ട് തങ്ങള്‍ക്കുള്ളതാണെന്നും 20 ശതമാനം മുസ്‌ലിംകളുടെ വോട്ട് വേണ്ടെന്നുമാണ്. ഇതിലൂടെ വിശ്വാസത്തെ ചൂഷണം ചെയ്യുകമാത്രമല്ല, ഇരുമതവിഭാഗങ്ങളിലെ പൗരന്മാര്‍തമ്മില്‍ വൈരവും സംഘര്‍ഷവും ഉണ്ടാക്കുകകൂടിയാണ് ലക്ഷ്യം. പ്രസ്താവനക്കെതിരെ നിയമമുണ്ടായിട്ടും ചെറുവിരലനക്കാന്‍ തിര.കമ്മീഷന്‍ തയ്യാറായില്ല. ജനതയുടെ ജീവിതപ്രയാസങ്ങള്‍ക്കെല്ലാം മതം പറഞ്ഞ് മറയിടാനാണ് ബി.ജെ.പിയുടെ നാളുകളായുള്ള പരിശ്രമം.

ഒരുകണക്കിന് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പോരായ്മ കൂടിയാണിത്. പട്ടികവിഭാഗക്കാര്‍ക്ക് സംവരണസീറ്റുകള്‍ അനുവദിച്ചപ്പോള്‍ മുസ്്‌ലിംകള്‍ക്കത് നല്‍കാതിരുന്നതാണ് ഇതിനൊരുകാരണം. പൗരത്വനിയമം ഭേദഗതിചെയ്ത് മുസ്്‌ലിംകളെ ഒഴിവാക്കിയപ്പോഴും മുത്തലാഖ് നിരോധനനിയമം പാസാക്കിയപ്പോഴും ഭീകരവിരുദ്ധനിയമം ചുമത്തി അവരെ തുറുങ്കിലടച്ചപ്പോഴും ഗുജറാത്തടക്കമുള്ള കലാപങ്ങളിലൂടെ അവരുടെ നിലനില്‍പുതന്നെ ചോദ്യംചെയ്തപ്പോഴുമെല്ലാം സംഘപരിവാരവും അതിന്റെ രാഷ്ട്രീയരൂപമായ ബി.ജെ.പിയും പറയാന്‍ ശ്രമിച്ചത് മറ്റൊന്നല്ല. തൊപ്പിയും ഹിജാബും ധരിച്ചതിനും അടുക്കളയില്‍ മാംസം സൂക്ഷിച്ചതിനും പരമ്പരാഗതമായ കന്നുകാലിക്കച്ചവടം ചെയ്തതിനും വഴിയോരക്കച്ചവടത്തിനുമെല്ലാം മുസ്്‌ലിം പൗരന്മാരുടെ നേര്‍ക്ക് ബയണറ്റും വടിവാളുകളും ബുള്‍ഡോസറുകളും വെടിയുണ്ടകളുമായി വരുന്ന സിദ്ധാന്തത്തിന്റെ അതേ പതിപ്പുതന്നെയാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകളില്‍നിന്നുള്ള ഈ നിഷ്‌കാസനത്തിന് പിന്നിലും. ഭരണഘടനയുടെ ജനായത്തത്തിനും മതേതരത്വത്തിനുമെതിരായ ബുള്‍ഡോസര്‍. ഹരിദ്വാറിലെ വര്‍ഗീയവൈതാളികരുടെ ഉന്മൂലനത്തിന്റെ ഭാഷയാണിത്. ആര്‍.ബി ശ്രീകുമാറിനെയും ടീസ്റ്റ സെതല്‍വാദിനെയും ഗൗരിലങ്കേഷിനെയും ഡോ. കഫീല്‍ഖാനെയും പോലെ ജീവന്‍ തൃണവല്‍ഗണിച്ചും ഇതില്‍ പ്രതികരിക്കാത്തവര്‍ തങ്ങളുടെ ‘അച്ചാദിന്‍’ ആണ ്‌സ്വപ്‌നംകാണുന്നതെങ്കില്‍ മുമ്പ് ഫാദര്‍ നീമുള്ളര്‍ പറഞ്ഞതുപോലെ വരാനിരിക്കുന്നത് തങ്ങളുടെകൂടി ഊഴമായിരിക്കുമെന്ന് ദീര്‍ഘദര്‍ശനം ചെയ്താല്‍ നന്നായിരിക്കും!

Chandrika Web: