ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച സംഭവത്തില്‍ ബി. ജെ.പി ഭരിക്കുന്ന മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളോട് ഡല്‍ഹി സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.
ഒഴിപ്പിക്കല്‍ നടപടി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചതോടെയാണ് വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ പൊളിക്കല്‍ തുടര്‍ന്നാല്‍ 63 ലക്ഷം പേരെ ഭവനരഹിതരാക്കുമെന്നും ഇത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നാശമായിരിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
ഒഴിപ്പിക്കാനെത്തുമ്പോള്‍ ജനങ്ങള്‍ അവരുടെ കയ്യിലുള്ള രേഖകളെല്ലാം കാണിച്ചതാണ്. എന്നാല്‍ അത് പരിശോധിക്കാന്‍പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ജഹാംഗിര്‍ പുരിയിലെ സംഘര്‍ഷത്തിന് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടിയുണ്ടായത്. ഇത് ചില പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നുവെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി ഒരു ആസൂത്രിത നഗരമായി വികസിച്ചിട്ടില്ല. ഡല്‍ഹിയിലെ 80 ശതമാനം സ്ഥലങ്ങളും കൈയ്യേറ്റത്തതിലൂടെ പിടിച്ചെടുത്തതാണ്. അതിനര്‍ഥം ഡല്‍ഹിയുടെ 80 ശതമാനവും നിങ്ങള്‍ നശിപ്പിക്കുമെന്നാണോ മുഖ്യമന്ത്രി ചോദിച്ചു.
കൈയ്യേറ്റ വിരുദ്ധ നീക്കത്തെ എതിര്‍ത്തതിന് ജയിലില്‍ പോകാന്‍ വരെ തയാറാണെന്ന് എ.എ.പി എം.എല്‍. എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കെജ്‌രിവാള്‍ പറഞ്ഞിരുന്നു.