X

സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ച് അസമില്‍ ബുള്‍ഡോസര്‍ രാജ് തുടര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍

രാജ്യത്ത് ഒക്ടോബര്‍ ഒന്നുവരെ ബുള്‍ഡോസര്‍  രാജ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ അവഗണിച്ച് അസം സര്‍ക്കാര്‍. ഗോള്‍പ്പാറ ജില്ലയിലെ കച്ചുതാലി ഗ്രാമത്തിലെ 150 ഓളം വീടുകളാണ് അനധികൃത നിര്‍മാണം എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളില്‍ അസം സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്.

സംഭവത്തില്‍ ഇതേപ്രദേശത്ത് നടന്ന കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ച രണ്ട് ഗ്രാമവാസികളും കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നെങ്കിലും വീണ്ടും ആരംഭിക്കുകയായിരുന്നു. ഹൈദര്‍ അലി (22), സുബാഹിര്‍ അലി (22) എന്നീ യുവാക്കളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

കുടിയെഴിപ്പിക്കല്‍ നടന്ന പ്രദേശം ദക്ഷിണ കാംരൂപിയിലെ ആദിവാസി മേഖലയിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയത്. സര്‍ക്കാരിന്റെ വിജ്ഞാപനം അനുസരിച്ച് ഇത്തരം പ്രദേശങ്ങളില്‍ ഗോത്രവിഭാഗക്കാര്‍, പട്ടിക വിഭാഗക്കാര്‍, ഗൂര്‍ഖകള്‍ തുടങ്ങിയ സംരക്ഷിത വിഭാഗക്കാര്‍ മാത്രമെ പ്രസ്തുത പ്രദേശങ്ങളില്‍ താമസിക്കാന്‍ കഴിയൂ എന്നാണ് നിയമം.

ഈ മാസത്തിന്റെ തുടക്കത്തില്‍ അസമിലെ കാംരൂപ് മൊട്രോ പൊളിറ്റന്‍ ജില്ലാ ഭരണകൂടവും ഏകദേശം 237 കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ രാജിലൂടെ തകര്‍ത്തിരുന്നു. ഇതുകാരണം 151 കുടുംബങ്ങള്‍ വഴിയാധാരാമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കച്ചുതാലിയിലും സമാനമായ അതിക്രമങ്ങള്‍ നടത്തിയത്.

അതേസമയം ഭരണകൂടത്തിന്റെ വാദങ്ങള്‍ നിഷേധിച്ച് പ്രദേശവസികളും രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രദേശം ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യുന്നതിന് മുമ്പ് 1920കളില്‍ തന്നെ പ്രദേശവാസികളില്‍ പലര്‍ക്കും പട്ടയം കിട്ടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇത് സംബന്ധിച്ച കേസുകള്‍ നടന്നുകൊണ്ടിരിക്കവെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ഭൂമി ജിഹാദ് ആരോപിച്ചും ബംഗ്ലാദേശികള്‍ എന്ന് മുദ്ര കുത്തിയുമാണ് അസമിലെ ബി.ജെ.പി സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 2016-24 വരെയുള്ള കാലയളവില്‍ 10,620 പേരെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒഴിപ്പിച്ചിരിക്കുന്നത്.

അതേസമയം അസം സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നടപടി വിവേചനപരമാണെന്ന് ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകന്‍ റിസാവുല്‍ കരീം പ്രതികരിച്ചു. ഏത് തരത്തില്‍പ്പെട്ട ഭൂമിയായലും അസം സര്‍ക്കാര്‍ മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കുന്നതെന്നും മറ്റ് സമുദായക്കാരെ ഒഴിവാക്കി മുസ്‌ലിംകളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും കരീം ചുണ്ടിക്കാട്ടി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അനുമതി ഇല്ലാതെ കുറ്റാരോപിതരുടെ സ്വത്തുക്കള്‍ പൊളിക്കുന്ന ബുള്‍ഡോസര്‍ രാജ് നടപടി ഒക്ടോബര്‍ ഒന്നുവരെ നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബുള്‍ഡോസര്‍ രാജിനെതിരെ ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഒക്ടോബര്‍ ഒന്നുവരെ പൊളിക്കല്‍ നടപടികള്‍ പാടില്ലെന്ന് കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം  കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറ്റരോപിതരായവരുടെ സ്വത്തുവകകള്‍ അനധികൃതമായി  ബുള്‍ഡോസര്‍ രാജ് ഉപയോഗിച്ച് പൊളിച്ച് മാറ്റുന്നതിനെ സംബന്ധിച്ചുള്ള ഹരജികള്‍ കോടതി പരിഗണിക്കവെയായിരുന്നു ഉത്തരവ്.

എന്നാല്‍ പൊതുറോഡുകള്‍, നടപ്പാതകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും പൊളിക്കുന്നതിനെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

webdesk13: