X

ബുള്‍ഡോസര്‍ രാഷ്ട്രീയം

ഇന്ത്യയില്‍ ഫാസിസം വന്നോ ഇല്ലെയോ എന്നതിനെക്കുറിച്ചാണ് രാജ്യത്തിനകത്തെ ചര്‍ച്ചയെങ്കിലും ലോകത്തിനത് ശരിക്കും ബോധ്യമാവുകയാണ്. പ്രത്യേകിച്ചും യു.എന്‍ മനുഷ്യാവകാശ കമ്മീഷന്. മധ്യപ്രദേശിലെ ഖാഡ്‌ഗോണില്‍ കുറ്റാരോപിതരുടെ 45 കെട്ടിടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടിച്ചു നിരപ്പാക്കിയതായിരുന്നു അവസാനത്തെ സംഭവമെങ്കില്‍ ഇന്നലത്തെ രണ്ട് സംഭവങ്ങള്‍ ലോക തലസ്ഥാനങ്ങളെ ശരിക്കും ഞെട്ടിച്ചിരിക്കണം.

ഇന്നലെ രാവിലെ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ പാവങ്ങളുടെ കുടിലുകളും കെട്ടിടങ്ങളും ഇടിച്ചു നിരപ്പാക്കുന്നതും സ്ത്രീകളും കുട്ടികളും ബുള്‍ഡോസറിന്റെ ഇരുമ്പ് കൈകള്‍ തടയാന്‍ ശ്രമിക്കുന്നതുമാണ് ആദ്യ സംഭവം. കമ്യൂണിക്കേഷന്‍ വിപ്ലവത്തിന്റെ ഇക്കാലത്ത് ആരെയും സ്തബ്ധരാക്കുന്നതാണ് രണ്ടാമത്തെ സംഭവം. നിരപ്പാക്കല്‍ തുടങ്ങി ഏറെ വൈകാതെ അഭിഭാഷകരായ ദുഷ്യന്ത് ദാവെയും സുഭാഷ്ചന്ദ്രനും സുപ്രീംകോടതിയെ സമീപിക്കുന്നു. ചീഫ് ജസ്റ്റിസ് രമണ പൊളിക്കല്‍ അടിയന്തരമായി നിര്‍ത്തി വെക്കാന്‍ ഉത്തരവിടുന്നു. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളിലൊന്നാകെ പടര്‍ന്നിട്ടും ഡല്‍ഹി മുനിസിപ്പല്‍ അധികാരികള്‍ ചെവിക്കൊള്ളുന്നില്ല. കാരണം പറഞ്ഞതോ കോടതി ഉത്തരവിന്റെ കോപ്പി കിട്ടിയില്ലെന്ന്! ഒടുവില്‍ സി.പി.എം നേതാവ് ഉത്തരവുമായി നേരിട്ട് ജഹാംഗീര്‍ പുരിയിലെത്തി പൊലീസിന് കൈമാറിയപ്പോള്‍ മാത്രമാണ് കൂട്ടനിലവിളി അവസാനിച്ചത്.

യഥാര്‍ഥത്തിലിവര്‍ ബുള്‍ഡോസര്‍ കൊണ്ട് കെട്ടിടങ്ങള്‍ മാത്രമല്ല തകര്‍ത്ത് തരിപ്പണമാക്കുന്നത്. മറിച്ച് ലോക മനുഷ്യാവകാശ ചട്ടങ്ങളും ഇന്ത്യന്‍ ഭരണഘടനയും സുപ്രീംകോടതിയുടെ തന്നെ മുന്‍ വിധികളുമാണ്. മധ്യപ്രദേശിന് മുമ്പ് യു.പിയില്‍ യോഗി ആദിത്യനാഥാണിതിന് വഴി കാട്ടിയത്. സി.എ.എ സമരത്തില്‍ പങ്കെടുത്തവരില്‍നിന്ന് നഷ്ടം ഈടാക്കാന്‍ 2020 ല്‍ അവിടെയൊരു നിയമം പാസാക്കി. ഈ നിയമവിരുദ്ധമായ നിയമത്തിന്റെ മറവില്‍ നൂറുകണക്കിന് മുസ്‌ലിം കളുടെ സ്വത്തുവകകളാണ് ടീം യോഗി പിടിച്ചെടുത്തത്.
കുറ്റം തെളിഞ്ഞാല്‍ മാത്രം നഷ്ടം ഈടാക്കാമെന്നാണ് സുപ്രീംകോടതി 2009ല്‍ വിധിച്ചതെങ്കിലും യു.പിയിലും തുടര്‍ന്ന് മധ്യപ്രദേശിലും ഇപ്പോള്‍ ഡല്‍ഹിയിലും കുറ്റം ആരോപിച്ചാല്‍ മാത്രം മതിയെന്നായി.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (UDHR) ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം ജനിച്ച് വീഴുന്ന ഓരോ മനുഷ്യനും ഭക്ഷണത്തിനും വസ്ത്രത്തിനും പാര്‍പ്പിടത്തിനും ആരോഗ്യ രക്ഷക്കും അവകാശമുണ്ട്. ഇന്റര്‍നാഷണല്‍ കവനന്റ് ഓണ്‍ ഇകണോമിക് സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ റൈറ്റ്‌സ് ആര്‍ട്ടിക്ക്ള്‍ 11.1 പ്രകാരവും സമാന അവകാശങ്ങളുണ്ട്. ഇന്റര്‍നാഷണല്‍ കവനന്റ് ഓണ്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് ആര്‍ട്ടിക്ക്ള്‍ 17 പ്രകാരം ഒരാളുടെയും സ്വത്ത് വകകള്‍ ഏകപക്ഷീയമായി നിഷേധിക്കാനോ പിടിച്ചെടുക്കാനോ പാടില്ല.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 21 ന്റെ അടിസ്ഥാനത്തിലും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റേയും ഐക്യരാഷ്ട്ര സഭയുടെയും മറ്റ് വിവിധ ലോകാന്തരീയ നിയമങ്ങളുടെയും വെളിച്ചത്തില്‍ സുപ്രീംകോടതി നേരത്തെതന്നെ നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിട്ടും പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ തോന്നുന്നത് ചെയ്യുകയാണ് മോദിയും സാമന്ത ഭരണകൂടങ്ങളും. അനധികൃത കയ്യേറ്റമാണ് തങ്ങള്‍ പൊളിക്കുന്നതെന്നാണ് ആര്‍.എസ് എസ് വല്‍ക്കരിക്കപ്പെട്ട അധികാരികളും സംഘിഭക്തരും അവകാശപ്പെടുന്നത്. എങ്കില്‍ നമ്മുടെ നഗരങ്ങളിലെ എത്ര നിര്‍മിതികള്‍ ബാക്കിയുണ്ടാവും. അത്തരം കെട്ടിടങ്ങള്‍ തകര്‍ക്കുമ്പോള്‍ അതെങ്ങിനെ മുസ്‌ലിംകളുടേത് മാത്രമായിപ്പോകുന്നു. ഈ നടക്കുന്നതൊക്കെ ഭരണകൂടത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത ഫാസിസ്റ്റ് നടപടിയാണെന്നതില്‍ തര്‍ക്കമില്ലാത്തത് അത് കൊണ്ടാണ്.

 

 

 

 

Chandrika Web: