X

ബുള്‍ഡോസര്‍ മാമ-പ്രതിഛായ

മതമാണ് ഇന്ത്യയുടെ ആത്മാവെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ടെന്നും 15 വര്‍ഷത്തിനകം രാജ്യം ആ ലക്ഷ്യത്തിലെത്തുമെന്നും വടിയെടുത്താണ് ഇന്ത്യ അഹിംസ പിന്തുടരുന്നതെന്നുമൊക്കെയാണ് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് കഴിഞ്ഞദിവസം പറഞ്ഞുകളഞ്ഞത്. രാമനവമി ആഘോഷത്തിന്റെ ഭാഗമായി രാജ്യത്താകെ ആര്‍.എസ്.എസുകാര്‍ നടത്തിയത് ഈ ‘അഹിംസ’യായിരിക്കുമെന്ന് കരുതാം! ഏതായാലും ഭഗവതിന്റെ സംഘടനക്കാരനായ മധ്യപ്രദേശിലെ സംഘി മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ജി എടുത്തത് വെറും വടിയല്ല, ബുള്‍ഡോസര്‍ തന്നെയായിരുന്നു. തന്റെ സംസ്ഥാനത്തെ പാവപ്പെട്ട മുസ്‌ലിംകളുടെ വീടുകള്‍ ഇടിച്ചുനിരപ്പാക്കി മത രാഷ്ട്രം സ്ഥാപിക്കുകയായിരിക്കും ടിയാന്റെ ലക്ഷ്യം.

ഏപ്രില്‍ പത്തിന് രാമനവമി ആഘോഷം രാജ്യത്താകെ കൊണ്ടാടപ്പെടുമ്പോള്‍ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ആര്‍.എസ്.എസ് തീവ്രവാദികള്‍ വര്‍ഗീയ വിഷവുമായി നാടും നഗരവും വളയുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഖാര്‍ഗോണില്‍ തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നടപടികള്‍. വര്‍ഗീയ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഏറിയും കുറഞ്ഞും ഇരുചേരിക്കും നഷ്ടം സംഭവിക്കുക സ്വാഭാവികം. എന്നാല്‍ സംഘര്‍ഷത്തില്‍ പാവപ്പെട്ടവരുടെ വീടുകള്‍ ഭരണകൂടംതന്നെ തകര്‍ത്തുകളഞ്ഞാലോ. അതാണ് ഖാര്‍ഗോണില്‍ സംഭവിച്ചത്.

അവിടുത്തെ മുസ്‌ലിംകളുടെ 16 കുടിലുകളും മുപ്പതോളം കടകളുമാണ് ബുള്‍ഡോസര്‍മാമയുടെ ജില്ലാഭരണകൂടം ഇടിച്ചുനിരപ്പാക്കിക്കളഞ്ഞത്. 10ന് സംഘര്‍ഷം കഴിഞ്ഞ് 14നായിരുന്നു സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടി. അവിടുത്തെ താമസക്കാര്‍ അനധികൃതമായി സ്ഥലം കൈയ്യേറിയതാണെന്നായിരുന്നു സര്‍ക്കാര്‍വാദം. ജനാധിപത്യ ഭരണകൂടം ന്യൂനപക്ഷത്തെ എത്രത്തോളം മ്ലേച്ഛമായാണ് കാപാലികരോടൊപ്പം ചേര്‍ന്ന് കശാപ്പുചെയ്യുന്നതെന്നതിന് ഉത്തമോദാഹരണമാണ് ഈ സംഭവം.

‘മാമ’ എന്നാണ് ശിവരാജ്‌സിംഗ് ചൗഹാനെന്ന ആര്‍.എസ്.എസുകാരന്‍ മുമ്പേ മുതല്‍ വിളിക്കപ്പെടുന്നത്. ഏതായാലും ഇതോടെ പുതിയൊരു പേരുകൂടി ടിയാന് ചാര്‍ത്തിക്കിട്ടി-ബുള്‍ഡോസര്‍ മാമ. കോടതിപോലും പറയാത്ത സംഭവത്തിനാണ് ആര്‍.എസ്.എസ് നിയന്ത്രിത ബി.ജെ.പി ഭരണകൂടം മുസ്‌ലിം കുടുംബങ്ങളെ വഴിയാധാരമാക്കിക്കളഞ്ഞത്. മുമ്പ് മുസഫര്‍നഗര്‍ കലാപത്തില്‍ സമാനമായി മുസ്‌ലിം കുടുംബങ്ങളെ വഴിയാധാരമാക്കിയിരുന്നതായിരിക്കാം ചൗഹാനെയും തീവ്രവാദികളെയും പ്രേരിപ്പിച്ചത്. ശേഷം മുഖ്യമന്ത്രിയുടെ വക പതിവുള്ള ‘നിര്‍ഭാഗ്യകരം’ എന്ന പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്. പ്രസ്താവനയില്‍ മുസ്‌ലിംകളാണ് പ്രതികളെന്ന് മുഖ്യന്‍ പ്രത്യേകം പറയാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. ‘പാവപ്പെട്ടവരുടെ വീടുകള്‍ തകര്‍ത്തവരുടെ കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് ശരിയായില്ല’ എന്നാണ് ചൗഹാന്റെ വിശദീകരണം. രാമനവമി ഘോഷയാത്രകള്‍ മുസ്‌ലിംകള്‍ ആക്രമിച്ചുവെന്നാണ് വാദിയെ പ്രതിയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍-മാധ്യമ വ്യാഖ്യാനവും. പതിമൂന്നാം വയസില്‍ ആര്‍.എസ്.എസ് അംഗമായ ചൗഹാന്‍ അഞ്ചുതവണ ബി.ജെ.പി എം.പിയായിട്ടുണ്ട്. നാലാമതാണ് മുഖ്യമന്ത്രി പദവി. 2018ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം കിട്ടി സര്‍ക്കാരുണ്ടാക്കിയതെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം 22 എം.എല്‍.എമാരെ കൂറുമാറ്റിയാണ് ചൗഹാന്‍ ഭരണം തിരിച്ചുപിടിച്ചത്.

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ദേശീയ ജനറല്‍സെക്രട്ടറിയുമായിരുന്ന ചൗഹാന്‍ നിലവില്‍ വൈസ്പ്രസിഡന്റാണ്. ബീഫും മതംമാറ്റവും ലൗജിഹാദുമെല്ലാമാണ് ചൗഹാന്റെ മുഖ്യഭരണ അജണ്ടകള്‍. വിദിശയില്‍നിന്ന് 1991ലാണ് ആദ്യമായി പാര്‍ലമെന്റിലെത്തിയത്. അതിനൊരു വര്‍ഷം മുമ്പ് ബുധിനിയില്‍ നിന്ന് എം. എല്‍.എയായി. മണ്ഡലത്തെ ഇന്നും നിലനിര്‍ത്തുന്നു. 2005ല്‍ ആദ്യമായി മുഖ്യമന്ത്രി. 13ലും 18ലും 20ലും അതേപദവി പിടിച്ചുവാങ്ങി. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തിരിച്ചുവരവിനുള്ള ഹിന്ദുത്വ വര്‍ഗീയതയുടെ വിഷമണ്ണൊരുക്കുകയാണ് ബുള്‍ഡോസര്‍ മാമയിപ്പോള്‍. കുടുംബപരമായി കര്‍ഷകനാണെങ്കിലും എം.എ തത്വശാസ്ത്രത്തില്‍ സ്വര്‍ണമെഡല്‍ നേടി. ആ തത്വശാസ്ത്രത്തെ ഹിന്ദുത്വത്തിലേക്ക് പരീക്ഷിക്കുകയാണ് ഈ 63 കാരനിപ്പോള്‍. സാധനസിംഗാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Test User: