ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരായ ബുള്‍ഡോസര്‍ നടപടി തുടങ്ങി. ആദ്യ പടിയായി പുല്‍വാമയിലെ ഒരു ഭീകരന്റെ വീട് അധികൃതര്‍ തകര്‍ത്തു. ആഷിഖ് നെന്‍ഗ്രൂവിന്റെ വീടാണ് തകര്‍ത്തത്. പുല്‍വാമ ജില്ലയിലെ രാജ്‌പോരയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരന്‍ ആഷിഖ് നെന്‍ഗ്രൂവിന്റെ വീട് നിര്‍മിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ന്യൂകോളനി പരിസരത്തെ ഇരുനില വീട് പൊളിക്കുന്നതിന് ബുള്‍ഡോസര്‍ ജീവനക്കാരെയും അധികൃതരെയും പൊലീസും അനുഗമിച്ചു.
നെന്‍ഗ്രൂ 2019ല്‍ പാകിസ്താനിലേക്ക് താമസം മാറി. നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് സംശയമുണ്ട്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് നെന്‍ഗ്രൂവിന്റെ സഹോദരനും പാചകക്കാരനുമായ മന്‍സൂര്‍ അഹമ്മദ് കൊല്ലപ്പെട്ടിരുന്നു. തീവ്രവാദി ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുതയെ തുടര്‍ന്നാണ് മന്‍സൂര്‍ കൊല്ലപ്പെട്ടതെന്നും വെടിയുണ്ടകള്‍ പതിച്ച നിലയില്‍ ഷോപിയാനിലെ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.