ലക്‌നോ: പശുവിനെ ചൊല്ലി ബുലന്ദ്ഷഹര്‍ കത്തിയെരിയുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരും ലൈറ്റ് ആന്റ് സൗണ്ട് ഷോ’ ആസ്വദിക്കുന്ന തിരക്കില്‍. പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ സംഘര്‍ഷമുണ്ടാക്കുകയും പൊലീസ് ഇന്‍സ്പെക്ടര്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തപ്പോഴാണ് മുഖ്യമന്ത്രി പ്രദേശത്തേക്ക് തിരിഞ്ഞുപോലും നോക്കാതെ ഷോ ആസ്വദിക്കാന്‍ പോയത്. യോഗിയോടൊപ്പം ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ദിനേഷ് ശര്‍മ്മയുമാണ് ഗൊരഖ്പുരില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആസ്വദിച്ച് നേരം പോക്കിയത്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപമുഖ്യമന്ത്രിമാര്‍ കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്. ഇവര്‍ ഒരുമിച്ച് ഷോ ആസ്വദിക്കുന്ന ചിത്രങ്ങള്‍ യോഗി ആദിത്യനാഥ് തന്നെയാണ് ട്വീറ്റ് ചെയ്തത്. ബുലന്ദ്ഷഹര്‍ കത്തിയെരിയുമ്പോള്‍ യോഗി ഷോ ആസ്വദിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇന്നലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിനൊപ്പം കബാഡി പരിപാടിയിലും യോഗി പങ്കെടുത്തിരുന്നു. എന്നാല്‍ സംഭവം വിവാദമാകുമെന്ന് ഭയന്ന് മാധ്യമങ്ങള്‍ക്ക് പരിപാടിയില്‍ വിലക്ക് ഏര്‍പ്പെടുത്തി. സംഘര്‍ഷം രൂക്ഷമായിട്ടും മുഖ്യമന്ത്രിയോ മുതിര്‍ന്ന മന്ത്രിമാരോ എത്തിനോക്കാത്തത് കലാപം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്നു.