X
    Categories: CultureMoreNewsViews

ബുലന്ദ്ഷഹര്‍ കലാപം: സുബോധ് കുമാര്‍ സിങ്ങിനെ വധിക്കാര്‍ സംഘ്പരിവാര്‍ ആസൂത്രിതമായി നടപ്പാക്കിയത്

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷാ പ്രവര്‍ത്തകരെന്ന വ്യാജേന ഒരു സംഘം അഴിച്ചുവിട്ട കലാപം സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ബുലന്ദ്ഷഹര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങിനെ വകവരുത്താന്‍ വേണ്ടിയാണ് കലാപം ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് ഗോരക്ഷാ സംഘം തല്ലിക്കൊന്ന ഗൃഹനാഥന്‍ അഖ്‌ലാഖിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഓഫീസറാണ് സുബോധ് കുമാര്‍. അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് പശുവിറച്ചിയല്ലെന്നുള്ള വിവരം പുറത്തു കൊണ്ടുവന്നതും സംഘ്പരിവാര്‍ നേതാക്കളെ സംഭവത്തില്‍ അറസ്റ്റു ചെയ്തതും സുബോധ് കുമാര്‍ ആയിരുന്നു. ഇതോടെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സുബോധ് കുമാറിനെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റുകയും പിന്നീട് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുകയുമായിരുന്നു. സുബോധ് കുമാറിനെ ഉന്നം വെച്ചാണ് ബുലന്ദ്ഷഹര്‍ തന്നെ കലാപത്തിനായി തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കലാപവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ബുലന്ദ്ഷഹറിനടുത്ത മഹവ് ഗ്രാമത്തില്‍ പശുവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഗോവധമാരോപിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും സംഘര്‍ഷത്തിന് കോപ്പു കൂട്ടുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ തഹസില്‍ദാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത് പശുവിന്റെ ശരീര ഭാഗങ്ങള്‍ കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ച നിലയായിലായിരുന്നുവെന്നാണ്. ഗോവധം നിയമം മൂലം നിരോധിച്ച സംസ്ഥാനത്ത് പശുവിനെ അറുത്താല്‍ തന്നെ ശരീരഭാഗങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. മാത്രമല്ല പശുവിനെ അറുത്തത് തങ്ങളാരും കണ്ടിട്ടില്ലെന്നാണ് ഗ്രാമവാസികള്‍ നല്‍കിയ മൊഴി. കലാപം ആസൂത്രണം ചെയ്തവര്‍ തന്നെ പശുവിനെ കൊന്ന് ശരീര ഭാഗങ്ങള്‍ സംഭവസ്ഥലത്ത് എത്തിച്ചതായിരിക്കാമെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.

സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സുബോധ് കുമാര്‍ സിങ് മറ്റു പൊലീസുകാരേയും കൂട്ടി സംഭവ സ്ഥലത്ത് എത്തുന്നത്. പ്രതിഷേധക്കാരുമായി സംസാരിക്കാനും അനുരഞ്ജനത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതിന് കൂട്ടാക്കാതെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘര്‍ഷത്തിനിടെ പരിക്കേറ്റാണ് സുബോധ് കുമാര്‍ സിങ് മരിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീടാണ് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരു സംഘം പൊലീസുകാര്‍ സംഭവസ്ഥലത്തുണ്ടായിരിക്കെ, മറ്റൊരു പൊലീസുകാരനു പോലും പരിക്കേല്‍ക്കാതെ സുബോധ് കുമാര്‍ സിങിനു നേരെ മാത്രം എങ്ങനെ ആക്രമണമുണ്ടായി എന്നതും സംശയം ജനിപ്പിക്കുന്നു. കലാപം ആസൂത്രണം ചെയ്തവര്‍ക്ക് പൊലീസിന്റെ ഒത്താശ ലഭിച്ചതായാണ് സംശയം. സുബോധ് കുമാറിനെ ഒരു ഭാഗത്ത് തനിച്ചാക്കി മറ്റു പൊലീസുകാരെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും ആരോപണമുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് മീററ്റ് എ.ഡി.ജി. പി പ്രശാന്ത് കുമാര്‍ പറഞ്ഞു.
അക്രമികള്‍ തോക്കുമായാണ് വന്നതെന്ന് സുബോധ് കുമാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പുരികത്തിനു നേരെ തുളച്ചുകയറിയ വെടിയുണ്ട തലയോട്ടി തകര്‍ത്തതാണ് മരണ കാരണമായതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

സുബോധ് കുമാര്‍ സിങിന്റെ മകന്റേയും സഹോദരിയുടേയും പ്രതികരണങ്ങളും കലാപം ആസൂത്രിതമായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ”ദാദ്രി കേസ് അന്വേഷിച്ചത് തന്റെ സഹോദരനാണ്. കൊലപാതകത്തിന് ദാദ്രി കേസുമായി ബന്ധമുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നും ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ക്ക് പണം വേണ്ട. മുഖ്യമന്ത്രി പശു, പശു എന്ന് പറഞ്ഞു കൊണ്ടിരിക്കുകയേയുള്ളൂ”- സഹോദരി സുനിതാ സിങ് ആരോപിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: