X

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് എട്ട് മരണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്

 

മുംബൈ: കെട്ടിടം തകര്‍ന്നു വീണ് സ്ത്രീകള്‍ അടക്കം എട്ട് മരണം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കാണാതായവര്‍ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. ഗാട്ട്‌കോപ്പര്‍ പടിഞ്ഞാറ് എല്‍ബിഎസ് റോഡിലെ ശ്രേയസ് സിനിമാസിനു സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന് 40 വര്‍ഷത്തോളം പഴക്കമുണ്ട്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപെടുത്തിയ 16ഓളം പേരെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30നാണ് അപകടം നടന്നത്. സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണിതെന്ന് മുംബൈ ഫയര്‍ഫോഴ്‌സ് അതോറിറ്റി വ്യക്തമാക്കി. കാലപ്പഴക്കമാണ് കെട്ടിടം ഇടിഞ്ഞു വീഴാന്‍ കാരണം. 14 യൂണിറ്റ് ഫയര്‍ഫോഴ്‌സും രണ്ട് അത്യാധുനിക സൗകര്യങ്ങളോടുള്ള വാഹനങ്ങളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. മുംബൈ മേജര്‍ കോര്‍പ്പറേഷന്‍ മേയര്‍ വിശ്വനാഥ് മഹാദേശ്വര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ശിവസേന നേതാവ് എസ്. ശിതപിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തില്‍ ശിതപ് ആസ്പത്രി നടത്തുകയായിരുന്നു എന്നും ഇപ്പോള്‍ റസ്റ്റ് ഹൗസാക്കി മാറ്റിയിരിക്കുകയാണെന്നും അപടകടത്തിന്റെ ഉത്തരവാദിത്തം ശിതപിനാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ഛേദാ ആരോപിച്ചു.

chandrika: