X
    Categories: MoreViews

നോട്ട് പ്രതിസന്ധി: ബജറ്റ് അവതരണം മാറ്റിവെച്ചു

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിലൂടെ രൂക്ഷമായ കറന്‍സി പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ബജറ്റ് അവതരണം മാറ്റിവെച്ചു. ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കറന്‍സി പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയ ശേഷം മാത്രമേ സംസ്ഥാന ബജറ്റ് തയാറാക്കാനാവൂ. അതിനാല്‍ ബജറ്റ് അവതരണം ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

ബജറ്റ് അവതരണം നേരത്തെയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുമ്പ് നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മാറ്റിവെച്ചത്. അതേസമയം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് തോമസ് ഐസക് പറഞ്ഞു. പണം പൂര്‍ണമായും അക്കൗണ്ടിലേക്ക് നല്‍കും. ബാങ്കില്‍ നിന്നു പണം നോട്ടുകളായി പിന്‍വലിക്കാന്‍ സാധിക്കുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. നോട്ടു ലഭ്യമാക്കേണ്ടത് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് കേരളത്തിന് 1391 കോടി രൂപയാണ് ആവശ്യമുള്ളത്. ഇതില്‍ 600 കോടി രൂപ മാത്രമേ ഉറപ്പു നല്‍കാനാവൂ എന്നാണ് ആര്‍ബിഐ സംസ്ഥാനത്തെ അറിയിച്ചത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബറില്‍ സര്‍ക്കാര്‍ വരുമാനത്തില്‍ 427 കോടി കുറഞ്ഞതായി ധനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ നികുതികളില്‍ നിന്നുള്ള വരുമാനത്തിലാണ് കുറവ് വന്നത്. വാണിജ്യ നികുതിയില്‍ മാത്രം 200 കോടിയുടെ കുറവ് വന്നു. കൂടാതെ വാണിജ്യനികുതിയുടെ ഭാഗമായ മദ്യവില്‍പനയില്‍ നിന്നുള്ള നികുതിയിനത്തില്‍ 27.3 ശതമാനം കുറഞ്ഞു. വാറ്റും വാറ്റിതര വാണിജ്യനികുതിയും ചേര്‍ന്ന് ഇത്തവണ ലഭിച്ച തുക 2242 കോടി രൂപയാണ്. 2015 ഡിസംബറില്‍ ഇത് 2442 കോടി രൂപയായിരുന്നു.

chandrika: