ടൂറിന്‍: ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ നടപ്പുസീസണവസാനം വിരമിക്കും. ഫിഫയുടെ കഴിഞ്ഞവര്‍ഷത്തെ മികച്ച കീപ്പറിനുള്ള പുരസ്‌കാരം നേടിയതിനുതൊട്ടുപിന്നാലെയാണ് 39-കാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകംകണ്ട എക്കാലെത്തേയും മികച്ച കീപ്പര്‍മാരില്‍ ഒരാളെയാണ് ഇതോടെ കായികലോകത്തിന് നഷ്ടമാവുന്നത്.
‘ഇതെന്റെ അവസാന സീസണാണ്, കളിക്കാരെനെന്ന നിലയില്‍ ഇതാണ് ഉചിതമായ സമയം. ഭാവിയെക്കുറിച്ച് ആശങ്കയില്ല, ചിലപ്പോള്‍ ഒന്നു രണ്ടു വര്‍ഷംകൂടി കളത്തില്‍ തുടരാനുള്ള ശേഷി എന്നിലുണ്ട്. ഫുട്‌ബോളിനോടുള്ള അഭിനിവേശത്തിനോട് ഇന്നും യാതൊരു കുറവുമില്ല. യുവന്റസുമൊത്ത് ഒരുചാമ്പ്യന്‍സ് ലീഗ് കീരിടമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായാല്‍, ഫിഫ ക്ലബ് ലോകകപ്പ്‌വ രെ ചിലപ്പോള്‍ തുടര്‍ന്നേക്കും’ – ബുഫണ്‍ പറഞ്ഞു.
അഞ്ച് ലോകകപ്പുകളില്‍ രാജ്യത്തിനായി ഇറ്റലിയുടെ കാവല്‍കുപ്പായമണിഞ്ഞ ബുഫണ്‍, 2006 ലോകപ്പില്‍ ഇറ്റലി ചാമ്പ്യന്മാരാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫ്രാന്‍സിനെതിരായ കലാശപ്പോരിലെ ഷൂട്ടൗട്ടില്‍ പ്രകടിപ്പിച്ച അസാമാന്യ മികവ് ബുഫണിനെ ഫൈനലിലെ താരമാക്കി. റഷ്യന്‍ലോകകപ്പ് പ്ലേ ഓഫില്‍ സ്വീഡന്റെ വെല്ലുവിളി മറികടന്ന് ഒരിക്കല്‍കൂടി രാജ്യത്തിനായി വലകാക്കാം എന്ന ആത്മവിശ്വാസത്തിലാണ് ബുഫണ്‍.
1995-ല്‍ ഇറ്റാലിയന്‍ ക്ലബ് പാര്‍മയിലൂടെയാണ് ബുഫണ്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുത്ത ബുഫണ്‍ ഫുട്‌ബോള്‍ പണ്ഡിറ്റുകളുടേയും ആരാധകരുടെയും ഇഷ്ട കീപ്പറായി. 2001-ല്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ ഫീയോടെ യുവന്റസിലെത്തി. തുടര്‍ന്ന് നാലുവട്ടം യുവന്റസ് സീരി എ നേടി. 2006-ല്‍ വാതുവെയ്പ്പ്-ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് യുവന്റസ് രണ്ടാം ഡിവിഷനിലേക്ക് തഴയപ്പെട്ടപ്പോള്‍ ക്ലബിനൊപ്പം നിന്നു. തൊട്ടടുത്ത സീസണില്‍ സീരി എയിലേക്ക് ക്ലബ് മടങ്ങിയെത്തിയങ്കിലും പീന്നിടു ആറുവഷം വേണ്ടിവന്നു ബുഫണിനും യുവന്റസനും സീരി എ കീരിടം മുത്തമിടാന്‍. പിന്നീടങ്ങോട്ട് തുടര്‍ച്ചയായ ആറുതവണ സീരി എ കീരിടം യുവന്റസ് നിലനിര്‍ത്തിയപ്പോള്‍ ബുഫണ്‍ എന്ന കാവല്‍ക്കാരന്റെ പ്രകടനം വിലമതിക്കാനാവത്തതായിരുന്നു.
2006-ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബുഫണ്‍, 2012ല്‍ യുവേഫയുടെ ക്ലബ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഗോള്‍കീപ്പറായി. 27 വര്‍ഷം നീണ്ടുനിക്കുന്ന കളിജീവിത്തതില്‍ ആയിരത്തിലധികം മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ക്ലബ് തലത്തില്‍ തുടര്‍ച്ചയായ പന്ത്രണ്ടു മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാത്തത് മറ്റൊരു ലോക റെക്കോര്‍ഡാണ്. ദേശീയ ടീമിനായി 173 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബുഫണ്‍ തന്നെയാണ് ഇറ്റലിക്കുവേണ്ടി ഏറ്റവുമധിക മത്സരങ്ങളില്‍ രാജ്യതിനുവേണ്ടി ബൂട്ടുകെട്ടിയത്.