സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ ബഫര്‍ സോണായി നിശ്ചയിച്ച 2310 2019 ലെ സംസ്ഥാന മന്ത്രി സഭാ തീരുമാനം തിരുത്താന്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി കിട്ടാന്‍ ഇനിയും കടമ്പകളേറെ. ഏറെ വൈകി തെറ്റു തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സുപ്രിംകോടതി ഉത്തരവിറങ്ങിയ സാഹചര്യത്തില്‍ ഈ തീരുമാനം കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ല. ജനങ്ങളുടെ ആശങ്കയും അവസാനിക്കില്ല. വിഷയത്തില്‍ തുടര്‍ നിയമ നടപടികള്‍ക്ക് തീരുമാനം സഹായകമായേക്കുമെന്ന് മാത്രം.വ്യക്തവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ച് നിയമപോരാട്ടം വേണ്ടി വരും ഇനി കേരളത്തിന്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളും നിര്‍ണ്ണായകമാവും.
ജനസാന്ദ്രത വളരെ കൂടിയ കേരളത്തിലെ സാഹചര്യമല്ല ഇതര സംസ്ഥാനങ്ങളില്‍. ജനവാസ കേന്ദ്രങ്ങളെ കൃത്യമായി നിര്‍വ്വചിക്കുന്നതിലും അവയെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കുന്നതിലും സംസ്ഥാനം കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരും.തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ വനം വകുപ്പ് സ്വീകരിക്കുന്ന നിലപാടുകളും നിര്‍ദ്ദേശങ്ങളും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും. വിഷയത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട ഘട്ടത്തില്‍ മന്ത്രിസഭ തന്നെ ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ പരിധി നിശ്ചയിച്ചത് സംസ്ഥാന താല്പര്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവുകയായിരുന്നു. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് യു.ഡി.എഫ് ഈ വിഷയത്തി ല്‍ അതി ശക്തമായ ജനകീയ സമരം ഉയര്‍ത്തിക്കൊണ്ടു വന്നു.പ്രതിഷേധം ശക്തമായതോടെ മന്ത്രിസഭാ തീരുമാനം തിരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സംഭവിച്ച ഗുരുതര വീഴ്ചക്ക് വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ബഫര്‍സോണിലെ സുപ്രിംകോടതി വിധിയെ സ്വാധീനിച്ചുവെന്നത് യു.ഡി.എഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ജാള്യത മറച്ചുപിടിക്കാനാണ് സി. പി. എമ്മും സമരത്തിനിറങ്ങിയതും ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍ നടത്തിയതും. ജനവാസ മേഖലകളെ പൂര്‍ണ്ണമായി ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്നാണ് യു.ഡി. എഫ് നിലപാട്. ഇത്തരത്തില്‍ ഉത്തരവിറങ്ങുന്നത് വരെ മലയോര മേഖലയിലെ ആശങ്ക നീളും.