ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധം ഫലം കണ്ടു. പ്രതിഷേധം കനത്തതോടെ ബഫര്‍ സോണ്‍ വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസം കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫീല്‍ഡ് സര്‍വേ ഉടന്‍ തുടങ്ങാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ഫീല്‍ഡ് സര്‍വേ എന്ന് മുതല്‍ തുടങ്ങണമെന്ന കാര്യം വിദഗ്ധ സമിതി തീരുമാനിക്കും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയില്‍ സാവകാശം തേടാനും തീരുമാനമായി. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടമായി ബന്ധപ്പെട്ട് പരാതി നല്‍കാനുള്ള സമയ പരിധി അടുത്ത മാസം 7 വരെ നീട്ടും.
തദ്ദേശ സ്വയംഭരണം, റവന്യൂ, വനം മന്ത്രിമാര്‍ 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം നാളെ ചേരും. ഫീല്‍ഡ് വെരിഫിക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഈ യോഗത്തിലാണ് തീരുമാനിക്കുക.