ബഫര്‍ സോണുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കാര്‍ ഉത്തരവിലും അവ്യക്തത. 2019 ഒക്‌ടോബറില്‍ 31ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സാങ്കേതികമായി പിന്‍വലിക്കാതെയുള്ള പുതിയ ഉത്തരവു കൊണ്ട് കാര്യമില്ലെന്ന് നിയമ വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഇരുപതോളം പട്ടണങ്ങളെയും ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയും രണ്ടര ലക്ഷം ഏക്കര്‍ കൃഷിയിടത്തെയും ഗൗരവമായി ബാധിക്കുന്ന വിഷയത്തിലാണ് സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നത്.
കടുത്ത ആശയക്കുഴപ്പത്തിന് ഒടുവിലാണ് ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് പുതിയ ഉത്തരവിറക്കിയത്. 2020 ല്‍ മന്ത്രിതല സമിതി വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍, ജനസാന്ദ്രതാ മേഖലകളെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പക്ഷെ മന്ത്രിസഭയുടെ പരിഗണനയില്‍ വന്നിരുന്നില്ല. മന്ത്രിതല സമിതിയുടെ തീരുമാനത്തിലെ ജനസാന്ദ്രത എന്ന പദംമാറ്റി ജനവാസ കേന്ദ്രങ്ങളാക്കി മന്ത്രിസഭ അംഗീകരിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ജനവാസ മേഖലകളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കുമെന്ന് പറയുമ്പോഴും ജനവാസ മേഖല കൃത്യമായി നിര്‍വചിക്കാത്തതും തിരിച്ചടിയാണ്.
2019ലെ ഉത്തരവ് പിന്‍വലിക്കുന്നതില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്ന വാദത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയെങ്കിലും നിലവില്‍ സുപ്രീംകോടതി വിധി അനുസരിച്ച്, ജനവാസകേന്ദ്രങ്ങളടക്കം ഒരു കിലോമീറ്റര്‍ ബഫര്‍സോണാണെന്ന വിധിക്കാണ് പ്രാബല്യം. പുതിയ ഉത്തരവ് വഴി സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാറിന് തിരുത്തല്‍ ഹര്‍ജി നല്‍കാനാവുമെന്നതു മാത്രമാണ് മെച്ചം. പക്ഷേ പുതിയ ഉത്തരവിലെ അവ്യക്തത തിരുത്തല്‍ ഹര്‍ജിയില്‍ തിരിച്ചടിയാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെയും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നു.
സര്‍ക്കാരിന് പിടിവാശിയും അപകര്‍ഷതാ ബോധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസഭ ഒരു തീരുമാനം എടുത്താല്‍ ആ തീരുമാനമാണ് നിലനില്‍ക്കുന്നത്. അല്ലാതെ മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലെ തീരുമാനമല്ല. പഴയ ഉത്തരവ് റദ്ദാക്കിയെന്ന് പുതിയ ഉത്തരവില്‍ പറയണം. തെറ്റ് സമ്മതിക്കാതെ പഴയ ഉത്തരവിലെ തെറ്റിനെ ന്യായീകരിക്കാനുള്ള ഒരു ഉപന്യാസമാണ് പുതിയ ഉത്തരവ്. ഉത്തരവില്‍ കൃത്യത വരുത്തിയില്ലെങ്കില്‍ സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനെ പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്തു. ലോകായുക്ത നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. ലോകായുക്തയെ പല്ലും നഖവും ഇല്ലാത്ത സംവിധാനം ആക്കാനുള്ള നീക്കത്തെ നിയമസഭയില്‍ പ്രതിപക്ഷം എതിര്‍ക്കും. കിഫ്ബി ബജറ്റിന് പുറത്തുള്ള മെക്കാനിസമാണെന്ന പ്രതിപക്ഷ നിലപാട് ശരിയാണ്. അത് അന്തിമമായി ബജറ്റിനകത്തേക്ക് തന്നെ വരും. സര്‍ക്കാരിന്റെ ബാധ്യതയായി മാറും. കിഫ്ബി ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല. പ്രതിപക്ഷ നിലപാടിനെ ശരിവയ്ക്കുന്നതാണ് രണ്ട് വര്‍ഷത്തെ സി.എ.ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. എന്നാല്‍ കിഫ്ബി മസാലാ ബോണ്ടിനെ കുറിച്ച് ഇ.ഡി അന്വേഷിക്കുന്നതില്‍ വിയോജിപ്പുണ്ട്. അത് ഇ.ഡി അന്വേഷണ പരിധിയില്‍ വരില്ല. കള്ളപ്പണം വെളുപ്പിക്കലാണ് ഇ.ഡിയുടെ അന്വേഷണ പരിധി. തോമസ് ഐസകിന് ഇ.ഡി നല്‍കിയ നോട്ടീസിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.