ന്യൂഡല്‍ഹി: കശാപ്പ് നിരോധന ഉത്തരവില്‍ നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പരിസ്ഥിതി മന്ത്രാലയം കശാപ്പ് നിരോധന തീരുമാനം പുന:പരിശോധിക്കാന്‍ തയാറായിരിക്കുന്നത്.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഉത്തരവിനെതിരെ കേരളവും ബംഗാളും പ്രത്യക്ഷമായി രംഗത്തിനെത്തിയിരുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റേതെന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു.
നിരോധനം ഇറച്ചി വ്യാപാരത്തെയും കയറ്റുമതിയെയും തുകല്‍ വ്യവസായത്തെയും സാരമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്. ലക്ഷക്കണക്കിനു തൊഴിലാളികളുടെ ഉപജീവനത്തെ നിരോധനം ബാധിക്കുമെന്നു വരുന്നതോടെ ജനവികാരം പാര്‍ട്ടിക്കെതിരാവുമെന്ന ഭീതിയും കേന്ദ്രത്തിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.