കോതനല്ലൂര്‍: കശാപ്പിനായി കൊണ്ടുവന്ന പോത്തിനെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ഇടഞ്ഞോടി. രണ്ടര മണിക്കൂറോളം നാടിനെ വിറപ്പിച്ച പോത്തിനെ എരുമയെ കൊണ്ടു വന്ന് അനുനയിപ്പിച്ച് വരുതിയിലാക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കോതനല്ലൂര്‍ കുഴിയഞ്ചാല്‍ കശാപ്പ് ശാലയ്ക്കു സമീപത്തു നിന്നുമാണ് പോത്ത് വിരണ്ടോടിയത്. കശാപ്പ് തൊഴില്‍ ചെയ്യുന്ന ജോയി എന്ന വ്യാപാരിയാണ് ഇതര സംസ്ഥാനത്തു നിന്നും പോത്തുകളെ ലോറിയില്‍ കൊണ്ടു വന്നത്.
കശാപ്പ് ശാലയ്ക്കു സമീപം റോഡില്‍ പോത്തുകളെ ഇറക്കുന്നതിനിടെ ഒരു പോത്ത് ഇടഞ്ഞ് റോഡിലൂടെ ഓടുകയായിരുന്നു. ഇതോടെ തൊഴിലാളികളും പോത്തിന് പിറകേ കൂടി. പോത്ത് കുഴിയഞ്ചാലില്‍ നിന്നും പാറേല്‍ പള്ളി ഭാഗത്ത് ഓടി എത്തി വെള്ളാമറ്റം പാടത്തേക്ക് ഇറങ്ങി. പോത്ത് ഇടഞ്ഞ് റോഡിലൂടെ വരുന്നതായി അറിഞ്ഞതോടെ പലരും റോഡുകളില്‍ നിന്നും സമീപത്തെ കടകളില്‍ നിന്നും ഓടി രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞ് കടുത്തുരുത്തിയില്‍ നിന്നും അഗ്‌നിശമന സേനയും സ്ഥലത്ത് എത്തി. എന്നാല്‍ പോത്തിനെ അനുനയിപ്പിച്ച് പിടിച്ചു കെട്ടാന്‍ കശാപ്പ്കാരും അഗ്‌നിശമന സേനയും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഒടുവില്‍ പാടത്തിനു നടുവില്‍ ഇടഞ്ഞു നിന്ന പോത്തിനെ അനുനയിപ്പിക്കാന്‍ കോതനല്ലൂരില്‍ നിന്നും ലോറിയില്‍ ഒരു എരുമയെ എത്തിച്ച് പോത്തിനരികിലേക്ക് അഴിച്ചു വീട്ടു. എരുമയെ കണ്ടതോടെ പോത്ത് എരുമയുടെ പിന്നാലെ കൂടുകയും പോത്തിനെ വരുതിയിലാക്കി പിടിച്ചു കെട്ടി വാഹനത്തില്‍ കയറ്റുകയായിരുന്നു.