സാധാരണക്കാരെ കൊള്ളയടിച്ച് കേരളത്തിന്റെ നടുവൊടിക്കാനുള്ള ബജറ്റാണ് ഇന്ന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്റെ പിരടിയില്‍ വീണ്ടും വിലക്കയറ്റത്തിന്റെ അമിതഭാരം കയറ്റിവെക്കുന്ന ബജറ്റാണിതെന്നും പരാമര്‍ശിച്ചു.
പെട്രോളിനും ഡീസലിനും വില കൂട്ടിയ സര്‍ക്കാര്‍ ഭൂനികുതിയിലും കെട്ടിട നികുതിയിലും വര്‍ദ്ധനവ് വരുത്തി. വാഹന ഉപഭോക്താക്കള്‍ക്കും വലിയ തിരിച്ചടിയാണ് ബജറ്റ് നല്‍കുന്നത്. സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന യാതൊന്നും ബജറ്റിലില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പറയുന്ന അതേ നാവ് കൊണ്ടാണ് വിലക്കയറ്റത്തിന് കാരണമാകുന്ന ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെ ഇടത് സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. സാധാരണക്കാരെക്കുറിച്ചുള്ള ചിന്ത പോലും ബജറ്റ് അവതരണത്തില്‍ ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന ജനദ്രോഹ നടപടികള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരെയും സാധാരണക്കാരെയും പടിയടച്ച് പിണ്ഡം വെച്ചുകൊണ്ടാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതെന്നും അദേഹം തുറന്നടിച്ചു.