സാധാരണക്കാരനെയും പാവപ്പെട്ടവനെയും പാടെ മറന്നുകൊണ്ടുള്ള ബജറ്റ് സാധാരണക്കാരനെ വളരെയധികം പ്രയാസപ്പെടുത്തുകയും ബാധ്യതകള്‍ വരുത്തിവെക്കുകയും ചെയ്യുന്നതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം. 21000 കോടിയുടെ കമ്മി ബജറ്റ് കേരളത്തിലെ ജനങ്ങളുടെ തലയ്ക്ക് മുകളില്‍ പുതിയ നികുതി ഭാരങ്ങള്‍ കയറ്റി വെക്കുന്നതാണെന്നും സലാം പറഞ്ഞു.
പിന്നോക്ക മതന്യൂനപക്ഷങ്ങളെ പാടേ അവഗണിച്ചതും പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളോടും മുഖം തിരിച്ചതും ഏറെ പ്രതിഷേധാര്‍ഹമാണെന്നും സലാം വ്യക്തമാക്കി.
മോട്ടോര്‍ വാഹന നികുതിയും ഭൂനികുതിയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിപ്പിച്ചു. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ തന്നെയാണ് മദ്യം ഉല്‍പാദിപ്പിക്കാനും ജനങ്ങളെ പരമാവധി മദ്യം കുടിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നത്. ഈ മദ്യനയം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനും പാരമ്പര്യത്തിനും വലിയ നാണക്കേടാണെന്നും സലാം ഓര്‍മപ്പെടുത്തി.
കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാനോ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന പദ്ധതികള്‍ അവതരിപ്പിക്കാനോ ബജറ്റില്‍ സാധിച്ചിട്ടില്ല. മറിച്ച്, കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാത്ത കെ റെയിലിന് 61000 കോടി പ്രഖ്യാപിക്കുന്ന ജനവിരുദ്ധ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും സലാം പറഞ്ഞു.
കോവിഡാനന്തര കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട ഒരു പദ്ധതിയുമില്ല. പാവപ്പെട്ട ജനങ്ങളെ പൂര്‍ണമായും മറന്നുകൊണ്ടുള്ള ബജറ്റാണിത്. ബജറ്റിലെ തോട്ടഭൂമി നിയമം കേരളം അഭിമാന പുരസ്സരം എക്കാലത്തും പറയുന്ന ഭൂപരിഷ്‌ക്കരണ നിയമത്തിന് കടകവിരുദ്ധമാണ്. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചത് ഒരു കൊച്ചുകൂരയുണ്ടാക്കാന്‍ അഞ്ച് സെന്റും പത്ത് സെന്റും വാങ്ങാനായി നെട്ടോട്ടമോടുന്ന പാവപ്പെട്ടവന്റെ ശ്രമത്തിന് കനത്ത തിരിച്ചടിയാകും. സാധാരണക്കാരനെ ഒരു രീതിയിലും പരിഗണിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് സലാം കൂട്ടിചേര്‍ത്തു.