കോവിഡ് മഹാമാരി തരിപ്പണമാക്കിയ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്ക് വലിയ ഉത്തേജനമാകേണ്ടിയിരുന്ന കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് രാജ്യത്തെ സര്‍വമേഖലയ്ക്കും പൊതുവില്‍ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കെ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും കാര്യത്തില്‍പോലും പ്രത്യേകിച്ചൊരുപദ്ധതിയും പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനായില്ലെന്നത് ഭരിക്കുന്നവരുടെ ആ വിഭാഗങ്ങളോടുള്ള നയം ഒന്നുകൂടി തുറന്നുകാട്ടുന്നതായി. പാവപ്പെട്ടവരുടെയും മധ്യവര്‍ഗക്കാരുടെയും വരുമാനത്തില്‍ പുതുതായി യാതൊന്നും നല്‍കാത്തതും അവരെ കൂടുതല്‍ പ്രയാസത്തിലേക്ക് തള്ളിവിടുന്നതുമാണ് 2022-23 ലേക്കുള്ള മോദി സര്‍ക്കാരിന്റെ ബജറ്റ്. കോവിഡ് കാലത്തെ മൂന്നാമത്തേതും സ്വന്തമായി നാലാമത്തേതും ബജറ്റ് അവതരിപ്പിച്ചതിലൂടെ ധനമന്ത്രി നിര്‍മലസീതാരാമന്‍ രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്നുള്ള പ്രത്യാശകളെയാകെ തല്ലിക്കെടുത്തുകകൂടിയാണ് ചെയ്തിരിക്കുന്നത്. സര്‍വകാലത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും നിലനില്‍ക്കുന്നതരത്തിലുള്ള ബജറ്റില്‍ രാജ്യത്തിന്റെ പൊതുമേഖലയെയും റവന്യൂഭൂമിയെയും വിറ്റുതുലയ്ക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വരുംകാലവും ഒട്ടും ശുഭകരമാവില്ലെന്ന തോന്നലാണ് ഉളവാക്കിയിരിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ കര്‍ഷകരുടെ വരുമാനം 2020ഓടെ ഇരട്ടിയാക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കില്‍ 2022ലും അതാവര്‍ത്തിക്കുകയാണ്. ദേശീയതലത്തില്‍ വലിയ കര്‍ഷക പ്രക്ഷോഭം നടന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പതിവ് താങ്ങുവില (2.37 ലക്ഷംകോടി) പ്രഖ്യാപിച്ചുവെന്നല്ലാതെ മറിച്ചൊന്നും ആ മേഖലയ്ക്ക് നല്‍കിയില്ല. രാസവളങ്ങളുടെ വിലക്കയറ്റത്തിനും ഒരാശ്വാസനിര്‍ദേശവുമില്ല.
ചരക്കുസേവനനികുതിയില്‍ നടപ്പുവര്‍ഷം റെക്കോര്‍ഡ്‌വരുമാനം (1.41 കോടിരൂപ) ഉണ്ടായെന്ന് അഭിമാനിക്കുന്ന ധനമന്ത്രിക്ക് അവ ആരുടെ കീശയില്‍നിന്നാണെന്ന് പറയാനും അത് ഒരുപരിധിവരെ സമ്പദ്‌വ്യവസ്ഥയിലേക്ക് മടക്കിക്കൊടുക്കാനും കഴിയണമായിരുന്നു. സബ്കാ പ്രയാസ് (എല്ലാവരുടെയും അധ്വാനം) ആണെന്ന് മന്ത്രി പറഞ്ഞനിലയ്ക്ക്. കോവിഡ് മൂന്നാം വര്‍ഷത്തേക്ക് കടക്കുകയും ഒമിക്രോണ്‍പോലെ പുതിയ കോവിഡ് വകഭേദങ്ങള്‍ വരുംനാളുകളിലും പടരുമെന്ന ഭീതി നിലനില്‍ക്കെവെയുമാണ് ഇത്തവണത്തെ ബജറ്റ്. ആരോഗ്യരംഗത്ത് വലിയ നീക്കിയിരിപ്പുകളാണ് രാജ്യം ഈ ഘട്ടത്തില്‍ ആവശ്യപ്പെടുന്നത.് വാക്‌സിന്‍ ഉത്പാദനത്തിലും വിതരണത്തിലും ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പ്രതിഫലത്തിനുമായി വന്‍തുക നീക്കിവെക്കപ്പെടുമെന്ന് കരുതിയെങ്കിലും അതുണ്ടായിട്ടില്ല. 400 വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചെങ്കിലും ഇന്നും ബാലാരിഷ്ടതകള്‍ നേരിടുന്ന റെയില്‍പാളങ്ങളുടെ കാര്യം ബജറ്റില്‍ മിണ്ടിയില്ല. ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്നതും പാസ്‌പോര്‍ട്ടില്‍ ചിപ്പ് ഘടിപ്പിക്കുമെന്നതും രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന നിത്യവരുമാനക്കാരോടുള്ള വെല്ലുവിളിയാണ്. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് പ്രവാസികളാണ് കോവിഡ് കാലത്ത് നാടുപിടിച്ചിരിക്കുന്നത്. ഇവരുടെ പുനരധിവാസത്തെക്കുറിച്ച് ഒരുവരിപോലും ബജറ്റിലില്ല. ക്രിപ്‌റ്റോ കറന്‍സിക്ക് 30 ശതമാനംനികുതി പ്രഖ്യാപനവും വിദ്യാഭ്യാസചാനലുകളും കുട പോലുള്ള വസ്തുക്കള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നതും കൊണ്ടെന്താണ് നേട്ടം? പ്രതിരോധത്തിനായി നീക്കിവെച്ച 1.52 ലക്ഷം കോടിയും 25000 കിലോമീറ്റര്‍ പാതനിര്‍മാണവുംകൊണ്ട് ജനങ്ങളുടെ കൈകളിലേക്ക് എങ്ങനെയാണ് വരുമാനമെത്തുക. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ 2 കോടി പേര്‍ക്കാണ് രാജ്യത്ത് സ്ഥിരം തൊഴില്‍ നഷ്ടമായത്. അവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുമെന്നുപറയുന്നത് അടുത്ത അഞ്ചുവര്‍ഷത്തിനകവും. തൊഴിലുറപ്പു പദ്ധതിയുടെ പ്രഖ്യാപനവും ചെലവഴിക്കലും തമ്മിലെ അന്തരം നോക്കുമ്പോള്‍ പുതിയ പ്രഖ്യാപനത്തിലും കഴമ്പില്ല. ആദായനികുതി സ്ലാബ് മാറ്റുമെന്ന പ്രതീക്ഷയില്ലാതായതോടെ സാധാരണക്കാരും നിരാശരായി. ഭവനനിര്‍മാണവും പതിവു പദ്ധതിയായപ്പോള്‍ പെന്‍ഷന്‍പോലുള്ള ഇനങ്ങളില്‍ വര്‍ധനയുണ്ടായില്ല. എല്‍.ഐ. സിയുടെ സ്വകാര്യവല്‍കരണവും ‘അസറ്റ് മോണറ്റൈസേഷന്‍’ പദ്ധതിയും തുടരുന്നത് സമ്പന്നരെ തലോടുന്നതായേ കാണാനാകൂ. സര്‍ക്കാരിന്റെ വരുമാനവും ചെലവുംതമ്മിലെ അന്തരം 16.61 ലക്ഷം കോടിയാണെന്നതും ഞെട്ടിപ്പിക്കുന്നു. 5-ജി പഴയ വീഞ്ഞാണുതാനും.
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ ജി.എസ്.ടി നഷ്ടപരിഹാരകാലാവധി നീട്ടല്‍, റെയില്‍വെ വിപുലീകരണം, കടമെടുപ്പുപരിധി വര്‍ധിപ്പിക്കല്‍, എയിംസ് തുടങ്ങിയവയിലൊന്നും കേന്ദ്രം പ്രതികരിച്ചിട്ടുപോലുമില്ലെന്നത് സംസ്ഥാന സര്‍ക്കാരിന്റെകൂടി വീഴ്ചയാണ്. രാഷ്ട്രീയമാണ് ഇതിന് കാരണമെന്ന് പറയാമെങ്കിലും കെ റെയില്‍ പോലെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും വലിയ ഭാരം വരുത്തിവെക്കുന്ന തലതിരിഞ്ഞ പദ്ധതിയുമായി കേന്ദ്രത്തെ സമീപിച്ചതായിരിക്കാം ഒരു കാരണം. ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴിയെയും ബജറ്റില്‍ കണ്ടില്ല. സാമ്പത്തിക സര്‍വേയില്‍ പറയുന്ന 8.25 ശരാശരി വളര്‍ച്ച ഇതൊക്കെകൊണ്ട് ദിവാസ്വപ്‌നമാകാനേ തരമുള്ളൂ. 2016ലെ നോട്ടുനിരോധനത്തിലാരംഭിച്ച സാമ്പത്തിക ഇടിവും പണപ്പെരുപ്പവും ഇന്ത്യന്‍ ജനതയെ കഴിഞ്ഞവര്‍ഷം അവരുടെ കഠിനാധ്വാനംമൂലം തെല്ലെങ്കിലും രക്ഷിച്ചെടുത്തെങ്കിലും അതുപോലും നിലനിര്‍ത്താനുള്ള ദീര്‍ഘവീക്ഷണമില്ലാത്ത കണക്കെടുപ്പായിപ്പോയി നിര്‍മലയുടെ നാലാം ബജറ്റ്. വെറുതെയല്ല, വെറും 92 മിനിറ്റുകൊണ്ട് മന്ത്രി ഓടിരക്ഷപ്പെട്ടത്!