സംസ്ഥാനത്ത് ഒരു ബജറ്റ് പ്രഖ്യാപനം വരുമ്പോള്‍ സാധാരണ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് അതിനെ നോക്കിക്കാണാറുള്ളതെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തങ്ങളുടെ ജീവിത നിലവാരത്തെ അത് ഏതൊക്കെ രീതിയില്‍ സ്വാധീനിക്കും എന്നതാണ് അതിലെ പ്രധാന താല്പര്യം. എന്നാല്‍ കഴിഞ്ഞ രണ്ട് പിണറായി സര്‍ക്കാരിന്റെ ബജറ്റുകളിലും ഒട്ടും പ്രതീക്ഷയില്ലെന്ന് മാത്രമല്ല നെഞ്ചിടിപ്പോട് കൂടിയാണ് ജനം ബജറ്റിനെ സമീപിക്കുന്നത് തന്നെ. സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ ആശ്വാസമുണ്ടാക്കുന്ന ഒന്നും ഇല്ലെന്ന് മാത്രമല്ല അവന്റെ ജീവിതത്തെ കൂടുതല്‍ പ്രയാസമുള്ളതാക്കുന്ന തീരുമാനങ്ങള്‍ കൊണ്ട് സമ്പന്നവുമാണ് ഒടുവിലത്തെ ബജറ്റും എന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
ഒരു തരത്തിലുള്ള പ്രതീക്ഷയും ആശ്വാസവും ജനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞ എട്ട് വര്‍ഷത്തെ ബജറ്റിലും സാധിച്ചിട്ടില്ല ക്ഷേമ പെന്‍ഷന്‍ കൂട്ടാത്ത സര്‍ക്കാര്‍ ഭൂ നികുതി കുത്തനെ കൂട്ടി. ഇന്ധന വില ജീവിത ബഡ്ജറ്റ് താളം തെറ്റിക്കുന്ന നാട്ടില്‍ ഒരു ബദല്‍ പ്രതീക്ഷയായി കാണുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി കൂട്ടിയതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന കോടതി വ്യവഹാരത്തിന് ഫീസ് കൂട്ടിയാല്‍ നിവൃത്തിയില്ലാതെ കോടതി വ്യവഹാരത്തില്‍ പെടുകയും കയ്യില്‍ പണമില്ലാതിരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ സ്ഥിതി എന്താകും. വികസന മേഖലയില്‍ അന്‍പത് ശതമാനമാണ് വെട്ടിക്കുറച്ചത്. വയനാടിന് കേന്ദ്രം ഒന്നും കൊടുത്തില്ല. കേരളം എന്താണ് കൊടുത്തത് എഴുന്നൂറ്റി അന്‍പത് കോടി, ഈ നാട്ടിലെ വ്യക്തികളും സംഘടനകളും അതിലേറെ കൊടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. അതിന് ജനങ്ങളെ ചൂഷണം ചെയ്യലാണോ പരിഹാരമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വികസന, ക്ഷേമ മുരടിപ്പിലേക്ക് കേരളത്തെ നയിച്ച എട്ട് വര്‍ഷമാണ് കടന്ന് പോകുന്നത്. യുഡിഎഫിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും സ്വപ്ന പദ്ധതികളുടെ പിതൃത്വം പേറി എത്ര കാലം ഇനിയും മുന്നോട്ട് പോകും. അഭ്യസ്തവിദ്യരായ പുതു തലമുറയൊക്കെ കാര്യം മനസ്സിലാക്കി നാട് വിടാന്‍ തുടങ്ങി. സമീപകാലത്ത് മൈഗ്രേറ്റ് ചെയ്ത ആളുകളുടെ എണ്ണം എടുത്താല്‍ വസ്തുത മനസ്സിലാകും.
ചുരുക്കത്തില്‍ ഞങ്ങളെ ഈ പണിക്ക് പറ്റില്ല, ഞങ്ങളെ കൊണ്ട് ഇത് കഴിയൂല, അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിനി ഒന്നും പറയാനില്ല എന്ന വ്യക്തമായ തുറന്ന് പറച്ചില്‍ പ്രസംഗമായി ബഡ്ജറ്റ് ഒതുങ്ങി. പ്രബുദ്ധ കേരളം ഇത് തിരിച്ചറിഞ്ഞു പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.