ശ്രീനഗര്‍: കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് തദ്ദേശീയരായ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു. ഒരു സൈനികനടക്കം 19 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.
ചദൂരാ മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സഹീദ് റാഷിദ് ഭട്ട് (22), സാക്വിബ് അഹമ്മദ് (21), ഇശാഖ് അഹമ്മദ് (20) എന്നിവരാണ് മരിച്ചത്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്.
മേഖലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ പ്രക്ഷോഭകാരികള്‍ കല്ലെറിയുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ഛദൂരയിലുള്ള ദുര്‍ബുഗ് ഗ്രാമത്തിലെ ഒരു വീടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു സുരക്ഷാസേന എത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ സൈന്യവും തിരിച്ചടി ആരംഭിച്ചു. ഈ സമയം ഒരു സംഘം പ്രതിഷേധക്കാര്‍ സൈന്യത്തിനു നേരെ കല്ലേറ് നടത്തുകയും സൈനിക നടപടി തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് സൈന്യം ആരോപിച്ചു. തുടര്‍ന്നുണ്ടായ സൈനിക നടപടിയിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടതും 19 പേര്‍ക്ക് പരുക്കേറ്റതും. ഇതില്‍ ഭൂരിപക്ഷവും യുവാക്കളാണ്.
തടിച്ച് കൂടിയ ആളുകളെ പിരിച്ച് വിടാന്‍ സൈന്യം പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു. മരിച്ചവരുടെ കഴുത്തിനാണ് വെടിയേറ്റതെന്ന് ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആസ്പത്രിയിലെ മെഡിക്കല്‍ സുപ്രണ്ട് നസീര്‍ ചൗധരി വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തി അക്രമം ഒന്നിനും പരിഹാരമല്ലെന്നും സമാധാനവും ചര്‍ച്ചകളുമാണ് ശാന്തിക്കുള്ള മാര്‍ഗമെന്നും പറഞ്ഞു. പ്രദേശത്ത് സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുല്‍വാമ ജില്ലയിലെ ദ്രാബ്ഗാമില്‍ ഒരു വീട്ടില്‍ നിന്ന് ഗ്രനേഡ് കണ്ടെത്തിയതായി സൈന്യം അറിയിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഗ്രനേഡ് നിര്‍വീര്യമാക്കി.