കൊളംബോ: ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള കലാപത്തെ അപലപിച്ച് ബുദ്ധ സന്യാസിമാരുടെ സമാധാന റാലി. തലസ്ഥാനമായ കൊളംബോയില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് ബുദ്ധ സന്യാസിമാര്‍ പങ്കെടുത്തു. ദേശീയ ഐക്യത്തെ തകര്‍ക്കുന്ന വര്‍ഗീയ കലാപങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച നാഷണല്‍ ഭിക്കു ഫ്രണ്ട് പറഞ്ഞു.
കാന്‍ഡി നഗരത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ക്കുകയും ചെയ്ത കലാപത്തെ ശ്രീലങ്കയിലെ പ്രമുഖ ബുദ്ധമത നേതാക്കളും ക്രിക്കറ്റ് താരങ്ങളും അപലപിച്ചു. മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുദ്ധസന്യാസിമര്‍ വെള്ളിയാഴ്ച പള്ളികള്‍ സന്ദര്‍ശിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
കാന്‍ഡിയില്‍ ഒരിടത്ത് പള്ളി തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ജുമുഅ നടന്നത്. മുസ്‌ലിംകള്‍ക്ക് സമാധാനപരമായി നിര്‍ഭയം പ്രാര്‍ത്ഥന നടത്തുന്നതിന് ചില ബുദ്ധമതക്കാര്‍ തന്നെ സൗകര്യമൊരുക്കിയത് കൗതുകമായി. അതേസമയം കലാപബാധിത പ്രദേശങ്ങളില്‍ സമാധാനം തിരിച്ചെത്തി തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അക്രമികളെ പിടിച്ചുകെട്ടാന്‍ ശ്രീലങ്കന്‍ ഭരണകൂടം കൂടുതല്‍ സൈന്യത്തെ രംഗത്തിറക്കിയിരുന്നു. കാന്‍ഡി ജില്ലയിലെ പല ഭാഗങ്ങളിലും കലാപത്തെ തുടര്‍ന്ന് അടച്ചിരുന്ന കടകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ബുദ്ധ കലാപകാരികള്‍ മുസ്‌ലിം വീടുകള്‍ക്കും പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും തീവെച്ചിരുന്നു. മുസ്‌ലിംകളുടെ വാഹനങ്ങും അക്രമികള്‍ അഗ്നിക്കിരയാക്കി.
അക്രമങ്ങള്‍ വ്യാപിച്ചതോടെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട് 145 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമങ്ങളുടെ മുഖ്യ സൂത്രധാരനായ അമിത് വീരസിംഗെയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ പോസ്റ്റുകളിട്ട് അക്രമികളെ ഇളക്കിവിട്ടതില്‍ ഇയാള്‍ക്ക് മുഖ്യപങ്കുണ്ട്.
അക്രമങ്ങള്‍ നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി നിന്നുവെന്ന വാര്‍ത്ത ഏറെ ദു:ഖകരമാണെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും സൈനിക കമാന്‍ഡര്‍ മഹേഷ് സേനാനായകെ പറഞ്ഞു. കാന്‍യിലില്‍ ഓണ്‍ലൈന്‍ സേവനങ്ങളുണ്ടായിരുന്ന വിലക്ക് നീക്കിയിട്ടുണ്ട്. കാന്‍ഡി സമാധാനത്തിലേക്ക് തിരിച്ചെത്തിയതായും വിദേശ വിനോദ സഞ്ചാരികള്‍ക്ക് നിര്‍ഭയമായി സന്ദര്‍ശനം നടത്താമെന്നും ലങ്കന്‍ ടൂറിസ്റ്റ് ബോര്‍ഡ് പറഞ്ഞു.
- 7 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
ലങ്കയില്‍ തീ അണയുന്നു; കലാപത്തെ അപലപിച്ച് ബുദ്ധസന്യാസി റാലി
Tags: srilankan riot