X

ബുദ്ധദേവ് ഭട്ടാചാര്യ സിപിഎം ബംഗാള്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്ത്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്ത്. ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബുദ്ധദേവിനെ കൂടാതെ 19 മുതിര്‍ന്ന നേതാക്കളും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്തായി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 80 അംഗ കമ്മിറ്റിയില്‍ ഇടതു മുന്നണി അധ്യക്ഷന്‍ ബിമന്‍ ബോസിനെ മാറ്റി നിര്‍ത്തിയാല്‍ 75 വയസ്സിനു മുകളിലുള്ള ആരും തന്നെ ഇല്ലായെന്നതാണ് പ്രധാനം. നാലു ദിവസം നീണ്ടു നിന്ന സംസ്ഥാന സമ്മേളനത്തിനൊടുവിലാണ് ബംഗാള്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അഴിച്ചുപണി നടന്നത്.

പ്രായമായ നേതാക്കള്‍ക്കും യുവനേതാക്കള്‍ക്കുമിടയില്‍ സന്തുലനം നിലനിര്‍ത്തുന്നതിനാണ് പുതിയ കമ്മിറ്റിയില്‍ പരിഗണന നല്‍കിയതെന്ന് സംസ്ഥാന സെക്രട്ടറി സുര്‍ജ്യ കാന്ത മിശ്ര പറഞ്ഞു. അതേസമയം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ബുദ്ധദേവിനെ ഒഴിവാക്കിയതെന്ന് മിശ്ര പ്രതികരിച്ചു. എന്നാല്‍ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്തായെങ്കിലും പ്രത്യേക ക്ഷണിതാവായി ഭട്ടാചാര്യ പാര്‍ട്ടിയില്‍ തുടരുമെന്നാണ് വിവരം.

കമ്മിറ്റിയില്‍ 17 പുതുമുഖങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 33കാരനായ മധുജ സിന്‍ഹ റോയിയാണ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 15 സ്ത്രീ പ്രാതിനിധ്യവും കമ്മിറ്റിയില്‍ ഉറപ്പുവരുത്തിയതായും മിശ്ര പറഞ്ഞു.

chandrika: