X

ബി.എസ്.പി കോണ്‍ഗ്രസുമായി സഖ്യത്തിന്

ന്യൂഡല്‍ഹി: യു.പി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് പിന്നാലെ ബഹുജന്‍ സമാജ്‌വാദിയും കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചു. ബി.എസ്.പി അധ്യക്ഷ മായാവതി രാജ്യസഭയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ ഗാന്ധി കുടുംബവുമായി ചര്‍ച്ച നടക്കുമെന്നും സൂചനയുണ്ട്. യു.പിയിലെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ്.

നേരത്തെ എസ്.പിയുമായുള്ള സഖ്യത്തില്‍ വന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ബി.എസ്.പിയുമായി സഖ്യത്തിന് മുന്‍തൂക്കം നല്‍കണമെന്ന അഭിപ്രായത്തിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. ഭരണവിരുദ്ധ വികാരം എസ്.പിക്ക് തിരിച്ചടിയാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എസ്.പിയിലെ അഖിലേഷ് വിഭാഗം സഖ്യചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ട്. നിലവിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ തീര്‍പ്പുണ്ടായ ശേഷം മാത്രം സഖ്യചര്‍ച്ചകള്‍ മതിയെന്ന നിലപാടിലാണ് എസ്.പി. ബി.എസ്.പി സഖ്യചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇനി എസ്.പിയുടെ നീക്കങ്ങള്‍ക്കും വേഗമേറും.

 

അതിനിടെ, എസ്.പിയിലെ പ്രശ്‌നങ്ങളെ കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ പ്രചാരണം നടത്തണമെന്ന് മായാവതി മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. കലഹം പരമാവധി വോട്ടാക്കി മാറ്റുകയാണ് അവരുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തിലാണ് മായാവതിയുടെ നിര്‍ദേശം. മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള പ്രചാരണ പരിപാടികളും പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട്.

എസ്.പിയുടെ പ്രധാന വോട്ടുബാങ്കാണ് മുസ്‌ലിംകള്‍. പാര്‍ട്ടിയുടെ, 100 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 36 മുസ്‌ലിംകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് . രണ്ടാം പട്ടികയില്‍ 22 പേരും മൂന്നാം പട്ടികയില്‍ 24 പേരും മുസ്‌ലിംകളാണ്. എസ്.പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ യാദവ-മുസ്്‌ലിം ഐക്യത്തിനും ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയാല്‍ ദളിത്-മുസ്്‌ലിം ഐക്യത്തിനുമാണ് സംസ്ഥാനത്ത് വഴിയൊരുങ്ങുക.

chandrika: