X

സോണിയ ഗാന്ധി വിദേശിയാണെന്ന പരാമര്‍ശം: ബി.എസ്.പി നേതാവിന് സ്ഥാനചലനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി വിദേശിയാണെന്ന് പരാമര്‍ശിച്ച മുതിര്‍ന്ന ബി.എസ്.പി നേതാവ് ജയപ്രകാശ് സിങിന് പാര്‍ട്ടി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കി.

ജയപ്രകാശ് സിങ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ ലംഘിച്ചുവെന്നും പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി മറ്റു പാര്‍ട്ടിയിലെ നേതാവിനെ വ്യക്തിഹത്യ ചെയ്യുന്നതും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയത്.

സോണിയ ഗാന്ധി വിദേശിയായതിനാല്‍ മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ജയപ്രകാശ് സിങിന്റെ പ്രസ്താവന. രാഹുലിനെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. പാര്‍ട്ടി വൈസ്പ്രസിഡന്റ് സ്ഥാനത്തു നിന്നും ജയ്പ്രകാശിനെ ഒഴിവാക്കിയതായി മായാവതി അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു ജയ്പ്രകാശിന്റെ പരാമര്‍ശം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളത് മായാവതിക്കാണെന്നും അദ്ദേഹം പറഞ്ഞു.

chandrika: