X
    Categories: indiaNews

ബിഹാറില്‍ ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നത് ബിജെപി മുന്‍ സഖ്യകക്ഷിക്കൊപ്പം

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) മത്സരിക്കുന്നത് ബിജെപി മുന്‍ സഖ്യകക്ഷി രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി(ആര്‍എല്‍എസ്പി)ക്കൊപ്പം. മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന ഉപേന്ദ്ര ഖുഷ്‌വാഹ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ആര്‍എല്‍എസ്പി.

ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്യുലര്‍ ഫ്രണ്ട് എന്ന പേരിലാണ് ഇവരുടെ കൂട്ടായ്മ. എഐഎംഐഎമ്മിനും ആര്‍എല്‍എസ്പിക്കും പുറമേ, ബിഎസ്പി, ജന്‍തന്ത്രിക് പാര്‍ട്ടി, സമാജ്‌വാദി ജനതാദള്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളും സഖ്യത്തിലുണ്ട്. സംസ്ഥാനത്തെ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനാണ് സഖ്യത്തിന്റെ തീരുമാനം.

‘സമൂഹത്തിലെ ഏറ്റവും അരികുവത്കരിക്കപ്പെട്ട രണ്ടു വിഭാഗങ്ങളാണ് ദളിതരും മുസ്‌ലിംകളും. ഈ വിഭാഗങ്ങളുടെയും രാജ്യത്തെ മതേതര ജനങ്ങളുടെയും പിന്തുണയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’ ഒരു ബിഎസ്പി നേതാവ് പറഞ്ഞു.

ഉപേന്ദ്ര ഖുഷ്‌വാഹ

മഹാരാഷ്ട്ര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുമജന്‍ അഗാഡിയുമായി ചേര്‍ന്നു, മുസ്‌ലിം-ദളിത് ഐക്യം ഉയര്‍ത്തിക്കാട്ടി മത്സരിച്ചതിന് പിന്നാലെയാണ് ഉവൈസി ബിഹാറിലെത്തുന്നത്. മഹാരാഷ്ട്രയില്‍ ദയനീയ പ്രകടനമായിരുന്നു എഐഎംഐഎന്റെത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വെവ്വേറെയാണ് മത്സരിച്ചത്.

ബിഹാറില്‍ 17 ശതമാനത്തോളം മുസ്‌ലിം വോട്ടുകളുണ്ട്. കിഷന്‍ഗഞ്ച് ജില്ലയില്‍ 68 ശതമാനവും മുസലിംകളാണ്. കത്യാര്‍ (45%), അരാറിയ (43%), പുര്‍ണിയ (38%) എന്നിവയാണ് മറ്റു മുസലിം ഭൂരിപക്ഷ ജില്ലകള്‍. സീമാഞ്ചല്‍ മേഖലയിലെ 40 മണ്ഡലങ്ങളില്‍ മുസ്‌ലിം ജനസംഖ്യ 25 ശതമാനത്തിന് മുകളിലാണ്. ഖുഷ്‌വാഹ-കോറി-കുര്‍മികള്‍ മൊത്തം ജനസംഖ്യയുടെ 12-14 ശതമാനം വരും. ഉപേന്ദ്ര വരുന്ന അതേ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നാണ് നിതീഷ് കുമാറും വരുന്നത് എന്നതാണ് പ്രശ്‌നം. 17-18 ശതമാനമാണ് ബിഹാറിലെ ദളിതുകള്‍. എന്നാല്‍ ബിഎസ്പിക്ക് നേരത്തെയുള്ളതു പോലെ ദളിതകര്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനമില്ല.

2015ലെ തെരഞ്ഞെടുപ്പില്‍ ആറിടത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല. 243 ഇടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബിഎസ്പിയും ഒരിടത്തും ജയിച്ചില്ല. എഐഎംഐഎമ്മിന് 0.2 വോട്ടുകള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂ. ബിഎസ്പിക്ക് രണ്ടു ശതമാനവും. എന്നാല്‍ കിഷന്‍ഗഞ്ച് നിയമസഭാ സീറ്റില്‍ 2019 ഒക്ടോബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥി ഖമറുല്‍ ഹുദ ജയിച്ചിരുന്നു. 2015ല്‍ എന്‍ഡിഎയ്ക്ക് ഒപ്പമുണ്ടായിരുന്ന ആര്‍എല്‍എസ്പി 23 സീറ്റിലാണ് മത്സരിച്ചിരുന്നത്. രണ്ടിടത്ത് വിജയിക്കുകയും ചെയ്തു.

Test User: