X

കരാര്‍ ജീവനക്കാരെ പിരിച്ചു വിടുന്നു, ബി.എസ്.എന്‍.എല്‍ പ്രതിസന്ധിയിലേക്ക്

 

ചെലവ് ചുരുക്കലിന്റെ പേരില്‍ ഓഫിസിലും ലൈനിലും ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരെ ബി.എസ്.എന്‍.എല്‍ പിരിച്ചു വിടുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ സേവനത്തെ കാര്യമായി ബാധിക്കും. കരാര്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന ഘടകം പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. യൂനിയന്റെ ദേശീയ നേതൃത്വം വ്യാഴാഴ്ച ബി.എസ്.എന്‍.എല്‍ എച്ച്.ആര്‍ ഡയറക്ടര്‍ സുജാത റായിക്ക് കേരളത്തിലെ വിഷയം ചൂണ്ടിക്കാട്ടി കത്ത് നല്‍കി.

1984ന് ശേഷം നിയമനം നടക്കാത്ത ബി.എസ്.എന്‍.എല്ലില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നത് കരാര്‍ ജീവനക്കാര്‍ കാരണമാണ്. കേരളത്തില്‍ നോണ്‍-എക്‌സിക്യൂട്ടിവ് തസ്തികയില്‍ 8,000 സ്ഥിരം ജീവനക്കാരുള്ളപ്പോള്‍ കരാര്‍ ജീവനക്കാര്‍ 10,000 ആണ്. സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ രൂപവത്കരിച്ച എസ്.എസ്.എ കള്‍ മലപ്പുറവും പത്തനംതിട്ടയുമാണ്. സ്ഥിര നിയമനം നടക്കാത്തതിനാല്‍ രണ്ടിടത്തും അധികവും കരാര്‍ ജീവനക്കാരാണ്.

30 ശതമാനം കരാര്‍ ജീവനക്കാരെയെങ്കിലും കുറക്കണമെന്നാണ് കോര്‍പറേറ്റ് ഓഫിസിന്റെ തീരുമാനം. ഇത് പിന്‍പറ്റി 20 ശതമാനം കുറവ് വരുത്താനാണ് കേരള സര്‍ക്കിളിന്റെ നീക്കം. അത് നടപ്പായാല്‍ 2,000 കരാറുകാര്‍ പുറത്താവും. ഇതില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ 55 വയസ്സായവരെ ഒഴിവാക്കാന്‍ നിര്‍ദേശം വന്നു. സ്ഥിര നിയമനം നടക്കാതിരിക്കുകയും പുതിയ കരാറുകാരെ നിയമിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതും സ്ഥാപനത്തിന്റെ സേവനം പ്രതിസന്ധിയിലാക്കുമെന്നാണ് എംപ്ലോയീസ് യൂനിയന്റെ നിലപാട്.

ഈ സാഹചര്യത്തില്‍ 65 വയസ്സ് എന്ന് മാനദണ്ഡം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കോര്‍പറേറ്റ് ഓഫിസ് ഒരു വര്‍ഷം മുമ്പ് നിയമിച്ച അപ്രന്റീസുകളുടെ കാലാവധിയും അടുത്ത മാസം പൂര്‍ത്തിയാവും. സ്ഥിരം ജീവനക്കാരില്‍ 40 ശതമാനം 2019-’20ല്‍ വിരമിക്കുകയുമാണ്. ഈ ഒഴിവുകളൊന്നും നികത്തുന്നില്ല.

റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിച്ച് സ്ഥാപനത്തെ പിടിച്ചു നിര്‍ത്താന്‍ കോര്‍പറേറ്റ് ഓഫിസില്‍ ഒരു വിഭാഗവും ജീവനക്കാര്‍ സംഘടന വ്യത്യാസമില്ലാതെ ഒരുമിച്ചും പരിശ്രമിക്കുമ്പോഴാണ് കോര്‍പറേറ്റ് ഓഫിസിലെ മറ്റൊരു വിഭാഗവും കേന്ദ്ര സര്‍ക്കാറും അതിനെ തുരങ്കം വെക്കുന്ന നടപടികളുമായി മുന്നോട്ടുവരുന്നത്.

chandrika: