X

ബി.എസ്.എന്‍.എല്‍ 5ജി യാഥാര്‍ഥ്യത്തിലേക്ക്; കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി അവതരിപ്പിക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ തന്നെ ഇന്ത്യയിലും സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് ബിഎസ്എന്‍എല്‍. 5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് സോഫ്റ്റ്ബാങ്ക്, എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജി തുടങ്ങിയ ആഗോള ഓപ്പറേറ്റര്‍മാരുമായി ബിഎസ്എന്‍എല്‍ കരാര്‍ ഒപ്പുവെച്ചു.

ഇന്ത്യയില്‍ 5 ജി, ഐ.ഒ.ടി ഉത്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കാന്‍ സോഫ്റ്റ് ബാങ്ക്്, എന്‍ടിടി കമ്യൂണിക്കേഷന്‍ എന്നിവയുമായി ബിഎസ്എന്‍എല്‍ കരാര്‍ ഒപ്പിട്ടതായും കരാര്‍ യാഥാര്‍ഥ്യമാവുന്നതോടെ ഇന്ത്യയില്‍ സേവനം ലഭ്യമാവുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. 2020ല്‍ 5ജി സര്‍വീസ് ആരംഭിക്കുമെന്നും അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

5 ജി സേവനങ്ങള്‍ക്കായി സ്‌പെക്ട്രം അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പുരോഗതിയിലാണ്. 4.9 ലക്ഷം കോടി രൂപയാണ് അടിസ്ഥാന ചെലവ് പ്രതീക്ഷിക്കുന്നത്. ജപ്പാനുമായി സഹകരിച്ചാവും പദ്ധതി. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ 900 ഉപഗ്രഹങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനാണ് പദ്ധതി. രാജ്യത്ത് ആദ്യമായി 5ജി അവതരിപ്പിക്കുന്നത് ബിഎസ്എന്‍എല്‍ ആയിരിക്കും.

chandrika: