X

ബി.എസ്-3 വാഹനങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം

 

ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭാരത് സ്റ്റേജ്- 3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് വില്‍ക്കുന്നത് സുപ്രീംകോടതി നിരോധിച്ചു.
ബി.എസ്-3 വാഹനങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയപരിധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്) നല്‍കിയ ഹര്‍ജിയിലാണ് വിധി.
നിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ വിറ്റ് തീര്‍ക്കാന്‍ അനുവദിക്കണമെന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യവും കോടതി തള്ളി. വാഹന നിര്‍മാതാക്കളുടെ വാണിജ്യ താത്പര്യത്തെക്കാള്‍ പ്രധാനം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യമാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. എന്നാല്‍ ഏപ്രില്‍ ഒന്നിനു മുമ്പ് വാങ്ങിയതിന്റെ തെളിവ് ഹാജരാക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ്.-4 മാനദണ്ഡം നിലവില്‍ വരുന്നതോടെ നേരത്തെ നിര്‍മിച്ച ബി.എസ്.-3 വാഹനങ്ങള്‍ രാജ്യത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് എന്‍വയോണ്‍മെന്റ് പൊലൂഷന്‍ കള്‍ട്രോള്‍ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വാഹന നിര്‍മാതാക്കളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ബി.എസ്.-3 വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ ഒരു വര്‍ഷത്തോളം സമയം വേണ്ടിവരുമെന്ന് സിയാം കോടതിയില്‍ വാദിച്ചിരുന്നു. 2010 മുതല്‍ രാജ്യത്തെ 41 കമ്പനികള്‍ 13 കോടി ബി.എസ്.-3 വാഹനങ്ങളാണ് നിര്‍മിച്ചത്. ഇതില്‍ 8.24 ലക്ഷം വാഹനങ്ങള്‍ ഇനിയും വിറ്റഴിക്കപ്പെട്ടിട്ടില്ല.
ഇതില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. ഒരുലക്ഷത്തോളം ട്രക്കുകളുമുണ്ട്. ഇവ വിറ്റഴിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ 12,000 കോടിയുടെ ബാധ്യത വരുമെന്നും അത് നിര്‍മാതാക്കള്‍ തന്നെ ഏറ്റെടുക്കണമെന്നും വാഹന ഡീലര്‍മാര്‍ പറഞ്ഞിരുന്നു. ബി.എസ്.-4 നെക്കാള്‍ 80 ശതമാനം കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ബി.എസ്.-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

chandrika: