ഇയാസ് മുഹമ്മദ്
മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കിയെങ്കിലും ബ്രൂവറി വിവാദത്തില്‍നിന്ന് പുറത്തുകടക്കാന്‍ ഇപ്പോഴും ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ബ്രൂവറി ഇടപാടില്‍ മുഖ്യമന്ത്രിതന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ദുരവസ്ഥ സംജാതമാകുകയും ചെയ്തിരിക്കുന്നു. ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യതയാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്. ഈ ബാധ്യത ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ അഴിമതിക്കറ സര്‍ക്കാരിന്റെ നെറ്റിയില്‍ മായാതെ കിടക്കുകയാകും ഫലം. അഴിമതി ശീലമല്ലെന്ന അവകാശവാദത്തിന്റെ വിപരീതാര്‍ത്ഥത്തിലേക്ക് സി.പി.എമ്മിന്റേയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ന്നടിയും.
തുടക്കം മതുല്‍ ഒടുക്കം വരെ ദുരൂഹത കത്തിനില്‍ക്കുന്നുവെന്നതാണ് ബ്രൂവറി ഇടപാടിലെ സവിശേഷത. മുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പ് മന്ത്രിയും നടത്തിയ പ്രസ്താവനകളും അനുമതിയുമായി ബന്ധപ്പെട്ട രേഖകളും പരസ്പര പൂരകങ്ങളല്ലെന്ന് മാത്രമല്ല, വൈരുധ്യം നിറഞ്ഞതുമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബ്രൂവറി, ഡിസ്റ്റിലറി ഇടപാടില്‍ സുതാര്യത ഇല്ലെന്ന് കാട്ടി ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ഇപ്പോഴും ഭരണകൂടത്തിന്റെ ഇടനാഴികളില്‍ അലയടിക്കുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങളാകട്ടെ വസ്തുതകള്‍ പൂര്‍ണമായി മറച്ചുവെച്ച് നടത്തിയ അസത്യ പ്രസ്താവങ്ങളായിരുന്നുവെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന തെളിവുകള്‍. പുതിയ വെളിപ്പെടുത്തലുകളോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രൂവറികള്‍ക്ക് അനുമതി നല്‍കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം പൂര്‍ണമായും ക്രമവിരുദ്ധമായിരുന്നുവെന്ന് പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്.
2016ല്‍ അബ്കാരി നയത്തിന്റെ പേരില്‍ അനുമതി നിഷേധിച്ച അപ്പോളോ ഡിസ്റ്റിലറീസിന് 2018ല്‍ അനുമതി നല്‍കിയ നടപടിയെ വ്യാഖ്യാനിക്കാനോ ന്യായീകരിക്കാനോ സര്‍ക്കാരിന് ഇതുവരെ പറഞ്ഞ ന്യായവാദങ്ങള്‍കൊണ്ട് സാധിക്കില്ല. ഒരേ മന്ത്രി തന്നെ ഇങ്ങനെ രണ്ടു വിധത്തില്‍ ഉത്തരവിടുന്നത് ചരിത്രത്തില്‍ അപൂര്‍വമെന്നല്ല, ആദ്യത്തെ സംഭവമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വാങ്ങിയ അപേക്ഷയിലാണ് അപ്പോളോ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലം സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി എന്നാണ് എക്‌സൈസ് വകുപ്പ് അവകാശപ്പെട്ടത്. ഇതേ എക്‌സൈസ് വകുപ്പാണ് അബ്കാരി നയത്തിന്റെ പേരില്‍ ബ്രൂവറി അനുവദിക്കാന്‍ കഴിയില്ലെന്ന് കാട്ടി 2016ല്‍ അപ്പോളോ ഡിസ്റ്റിലറീസിന് ബ്രൂവറിക്കുള്ള അനുമതി നിഷേധിച്ചത്. 2010ലും 2015ലും അപ്പോളോ ഡിസ്റ്റിലറീസ് ബ്രൂവറിക്കായി അപേക്ഷ നല്‍കിയിരുന്നു. രണ്ട് അപേക്ഷകളും അബ്കാരി നയത്തിന്റെ പേരില്‍ നിരസിച്ചു. എന്നാല്‍ അബ്കാരി നയത്തില്‍ ഭേദഗതി വരുത്താതെ കഴിഞ്ഞ ജൂണ്‍ 28ന് സര്‍ക്കാര്‍ അപ്പോളോ ഡിസ്റ്റിലറീസിന് ബ്രൂവറിക്ക് അനുമതി നല്‍കുകയായിരുന്നു. പാലക്കാട് ജില്ലയിലെ ഏലപ്പുള്ളി വില്ലേജില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറി സ്ഥാപിക്കുന്നതിന് അപ്പോളോ ഡിസ്റ്റിലറീസ് ആന്റ് ബ്രൂവറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കി എന്നാണ് കഴിഞ്ഞ ജൂണ്‍ 28ന് ജി ഒ (ആര്‍.ടി) നമ്പര്‍ 461/2018 ആയി ഉത്തരവിറങ്ങിയത്. മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബ്രൂവറിക്ക് അനുമതി നിഷേധിച്ച അതേ എക്‌സൈസ് മന്ത്രി തന്നെ അതേ സ്ഥാപനത്തിന്, അതേ സ്ഥലത്ത്, അതേ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബ്രൂവറിക്ക് അനുമതി നല്‍കി. 2016ല്‍ അനുമതി നിരസിക്കാന്‍ കാരണമായി പറഞ്ഞ അബ്കാരി നയം 1999ലെ സര്‍ക്കാര്‍ ഉത്തരവാണ്. 1996ല്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചതിനെതുടര്‍ന്ന് ബിയറും വിദേശ മദ്യവും ഉത്പാദിപ്പിക്കുന്നതിന്‌വേണ്ടി ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കുന്നതിന് 125 അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലെത്തി. കൂടുതല്‍ അപേക്ഷകര്‍ വന്നതോടെ ഒരു ഉദ്യോഗസ്ഥ കമ്മിറ്റിയെ നിയോഗിച്ച് പഠനം നടത്തിയ ശേഷം ആര്‍ക്കും അനുവദിക്കേണ്ടെന്ന് തിരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 99 ലെ ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നിഷേധിച്ചത്. ഇതേ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2016ല്‍ അപ്പോളോ ഡിസ്റ്റിലറീസിന്റെ അപേക്ഷ എക്‌സൈസ് വകുപ്പും മന്ത്രിയും തള്ളിയത്.
ബ്രൂവറിയോ, ഡിസ്റ്റിലറിയോ തുടങ്ങാന്‍ എക്‌സൈസ് വകുപ്പിനാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ ഇത്തവണ അപ്പോളോ ഡിസ്റ്റിലറീസ് അപേക്ഷ നല്‍കിയത് മുഖ്യമന്ത്രിക്കാണ്. അപ്പോളോ ഡിസ്റ്റിലറീസിന്റെ ഉടമ പുരുഷോത്തമനുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപം നിലനില്‍ക്കേയാണ് മുഖ്യമന്ത്രി പുരുഷോത്തമനില്‍നിന്നും അപേക്ഷ സ്വീകരിച്ചത്. മെട്രോമാന്‍ ഇ. ശ്രീധരന് കൂടിക്കാഴ്ചക്ക് സമയം നല്‍കാതിരുന്ന മുഖ്യമന്ത്രി മദ്യ രാജാവ് പുരുഷോത്തമനെ സ്വീകരിച്ചിരുത്തി അപേക്ഷ സ്വീകരിച്ചുവെന്ന സത്യത്തെ എന്ത് ന്യായംകൊണ്ടാണ് ഇനി സര്‍ക്കാരും സി.പി.എമ്മും പ്രതിരോധിക്കാന്‍ പോകുന്നത്.
കടുത്ത ജലക്ഷാമം നേരിടുന്ന പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് മുഖ്യമന്ത്രി വാങ്ങിയ അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ നല്‍കിയത്. വി.എസ് അച്യുതാതനന്ദന്‍ മത്സരിച്ച് ജയിച്ച മലമ്പുഴ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശമാണ് എലപ്പുള്ളി. മഴക്കാലത്ത്‌പോലും കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന പ്രദേശമാണിത്. ഭൂഗര്‍ഭ ജലനിരപ്പ് താണതിനാല്‍ കിണര്‍ വെള്ളമെന്നത് എലപ്പുള്ളിയിലെ ജനങ്ങള്‍ക്ക് കഴിഞ്ഞകാല ഓര്‍മ മാത്രമാണ്. ഇനി ഒരിക്കലും തിരികെവരാന്‍ സാധ്യതയില്ലാത്ത സ്വപ്‌നവും. ഇങ്ങനെയൊരു പ്രദേശത്ത് പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കാന്‍ ഒരു കമ്പനിക്ക് അനുമതി നല്‍കുകയെന്ന ജനവിരുദ്ധ നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. ഇഷ്ടക്കാര്‍ക്ക് ഏത് ചൂഷണവും നടത്താന്‍ വഴിവെട്ടുന്നവരായി ഇടതുമുന്നണി സര്‍ക്കാര്‍ മാറിയെന്നതിന് തെളിവ് കൂടിയാണിത്.
ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞതെല്ലാം നൂറ് ശതമാനം ശരിയാണെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇടതുമുന്നണിയോ, മന്ത്രിസഭയോ ചര്‍ച്ച ചെയ്യാതെ, നിഗൂഢമായി നിലവിലിരിക്കുന്ന അബ്കാരി നയത്തില്‍ മാറ്റംവരുത്തി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച നടപടി സര്‍ക്കാരിന്റെ വഴിവിട്ട നീക്കമെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി പോലും സംശയ നിഴലില്‍ നില്‍ക്കുമ്പോള്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് സര്‍ക്കാരിന് മുന്നിലെ വഴി. ബാര്‍ കോഴയുടെ പേരില്‍ ആരോപണമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാരിനെ സംബന്ധിച്ച് അന്വേഷണത്തില്‍നിന്നും വഴുതിമാറാന്‍ കഴിയില്ല. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകുമ്പോള്‍ പാലിക്കേണ്ട മര്യാദ മാത്രമാണത്.
എന്നാല്‍ മറ്റൊരു സര്‍ക്കാരും മുതിരാത്ത കടുംവെട്ടിനാണ് ഇടതു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഭിപ്രായമെന്ന നിലയക്ക് കൂടുതല്‍ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഇപ്പോള്‍ ബിവറേജസ് കോര്‍പറേഷന്‍വഴി വിതരണം ചെയ്യുന്ന മദ്യം സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്ത് വിറ്റഴിക്കുന്ന മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. ഇത് സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനെന്ന പേരില്‍ കൂടുതല്‍ മദ്യോല്‍പാദന ശാലകള്‍ തുറക്കാനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രഹസ്യമായി നല്‍കിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കുമുള്ള അനുമതി റദ്ദാക്കിയത്, നടപടിക്രമം പാലിച്ച് കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ വേണ്ടിയെന്ന നിലയാണ് ഉണ്ടായിരിക്കുന്നത്.
മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന ഇടതുമുന്നണി നയം വ്യാഖ്യാനിച്ചാണ് കൂടുതല്‍ മദ്യോല്‍പാദന കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത്. വിവാദത്തെപോലും തങ്ങളുടെ നിലപാടുകള്‍ക്ക് അനുസൃതമായി വളച്ചൊടിക്കാനും മുന്നോട്ടുപോകാനുമുള്ള അനിതരസാധാരണ കഴിവാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. മദ്യ രാജാക്കന്മാര്‍ക്ക് തടിച്ചുകൊഴുക്കാന്‍ കേരളത്തെ തീറെഴുതുന്ന ഇടതു സര്‍ക്കാരിന്റെ മദ്യനയം ഭാവി കേരളത്തെ സംബന്ധിച്ച് അശാസ്യമല്ല. നവകേരള നിര്‍മിതിക്ക് ഈ രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ കേരളം പിന്നോട്ടായിരിക്കും സഞ്ചരിക്കുക.