ബുലന്ദ്ഷഹര്‍: ഗോവധം ആരോപിച്ച് സംഘപരിവാര്‍ നടത്തിയ കലാപത്തിലും കൊലപാതകത്തിലും മൗനം പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച രാത്രി നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പശു കശാപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ആദിത്യനാഥ് തയാറായില്ല. സുബോധ് സിങിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രിയില്‍ നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. യോഗത്തിനിടെ സുബോധ് സിങിന്റെ കൊലപാതകത്തെ കുറിച്ച് ഒരുവാക്ക് പോലും മുഖ്യമന്ത്രി സംസാരിച്ചില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. വി.എച്ച്.പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നിശബ്ദത പാലിച്ചാണ് പശുക്കളെ കശാപ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. യോഗിയുടെ നടപടി അന്വേഷ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസ്വസ്ഥയുണ്ടാക്കിയിട്ടുണ്ട്. അതേസമയം കലാപവും സുബോധ് കുമാര്‍ സിങിന്റെ കൊലപാതകവും ആസൂത്രിതമാണെന്നും സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കുള്ളവരെ ഉടന്‍ പിടികൂടുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനിഷ് അശ്വതി പറഞ്ഞു. ബുലന്ദ്ശഹര്‍ കലാപത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് പശു കടത്ത് നിരോധന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. അനധികൃത കശാപു ശാലകള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.