X

പശുസംരക്ഷക ഗുണ്ടകളുടെ ക്രൂര ആക്രമണം; ബീഫ് കടകള്‍ അടച്ചിട്ട് ഗോവയില്‍ വ്യാപാരികളുടെ പ്രതിഷേധം

പശുസംരക്ഷക ഗുണ്ടകളുടെ നിരന്തര ഭീഷണിയിലും ആക്രമണത്തിലും പ്രതിഷേധിച്ച് ഗോവയിലുടനീളം ബീഫ് കടകള്‍ അടച്ചിട്ടു. മഡ്ഗാവില്‍ കഴിഞ്ഞയാഴ്ച പശുസംരക്ഷക ഗുണ്ടകള്‍ ബീഫ് വ്യാപാരികളെ ആക്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കടകള്‍ അടച്ചിട്ടത്. ചൊവ്വാഴ്ചയും കടകള്‍ അടഞ്ഞുകിടക്കുകയാണ്.

തങ്ങളുടെ സുരക്ഷയില്‍ കടുത്ത ആശങ്കയാണ് ഖുറൈശി മീറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കുവെക്കുന്നത്. ‘ഒരു കച്ചവടക്കാരനും ബീഫ് വില്‍ക്കില്ല. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്’ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അന്‍വര്‍ ബെപാരി ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു.

മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ചയാണ് വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണങ്ങള്‍ തടയുകയും ഉരുക്കളെ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

‘ഗോവ എക്കാലത്തും അതിന്റെ സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ അഭിമാനിക്കുന്നു. വ്യാപാരികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. മതത്തിന്റെ മറവില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.

പതിറ്റാണ്ടുകളായി ഗോവ കാത്തുസൂക്ഷിക്കുന്ന ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണിത്’ മുഖ്യമന്ത്രി സാവന്തിന് എഴുതിയ കത്തില്‍ അസോസിയേഷന്‍ ഓഫ് ഓള്‍ ഗോവ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ അഹമ്മദ് ഷെയ്ഖ് ചൂണ്ടിക്കാട്ടി.

‘പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടര്‍ പശുക്കളെ ശരിക്കും ശ്രദ്ധിക്കുന്നില്ല. കൊള്ളയടിക്കുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. കച്ചവടം തുടരണമെങ്കില്‍ പണം നല്‍കണമെന്ന് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവര്‍ നേരത്തെ സംസ്ഥാന അതിര്‍ത്തിയില്‍ വന്ന് ഞങ്ങളെ ഉപദ്രവിക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ ഞങ്ങളുടെ കടകളിലേക്ക് കടന്നുകയറുന്നു. നിയമപരമായ രീതിയില്‍ കച്ചവടം നടത്തുന്ന ഞങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല’ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷബീര്‍ ഷെയ്ഖ് പറഞ്ഞു.

ഗോവയിലുടനീളം 75ലേറെ ബീഫ് കടകളുണ്ടെന്നാണ് കണക്ക്. ഇവയില്‍ 250ലേറെപ്പേര്‍ ജോലി ചെയ്യുന്നു. ദിവസം 25 ടണ്ണിലേറെ ബീഫാണ് ഗോവയില്‍ വില്‍ക്കുന്നത്. ഇതില്‍ പകുതിയോളവും വരുന്നത് അടുത്ത സംസ്ഥാനങ്ങളില്‍നിന്നാണ്.

webdesk13: