X

ബി.ആർ.എസിന് വീണ്ടും തിരിച്ചടി; ആറ് നേതാക്കൾ കോൺഗ്രസിൽ ചേർന്നു

തെലങ്കാനയിൽ ഭാരതീയ രാഷ്ട്ര സമിതിക്ക് (ബി.ആർ.എസ്) വീണ്ടും തിരിച്ചടി. ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളാണ് വെള്ളിയാഴ്ച കോൺഗ്രസിലേക്ക് കുറൂമാറിയത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു സംഘത്തിന്‍റെ പാർട്ടി പ്രവേശം.

ദണ്ഡേ വിട്ടൽ, ഭാനു പ്രസാദ്, ബി. ദയാനന്ദ്, പ്രഭാകർ റാവു, ബസവരാജു സരയ്യ, ഇ. മല്ലേശം എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. രണ്ട് ദിവസത്തെ യാത്രക്ക് ശേഷം രേവന്ത് റെഡ്ഡി തിരിച്ചുവന്നതിന് പിന്നാലെയായിരുന്നു നേതാക്കളുടെ പാർട്ടി പ്രവേശം. ഇതോടെ തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസിന്‍റെ അംഗബലം 12 ആയി. നിയമസഭയിൽ 39ൽ നിന്ന് 33ആയി ബി.ആർ.എസിന്‍റെ അംഗബലം കുറയുകയും ചെയ്തു. കഴിഞ്ഞ വർഷം അസംബ്ലി തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയത്തിന് പിന്നാലെ ആറോളം എം.എൽ.എമാർ രാജിവെച്ചിരുന്നു.

അതേസമയം നേതാക്കളുടെ കൂറുമാറ്റത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ആർ.സ് നേതാവ് കെ.ടി രാമറാവു രംഗത്തെത്തിയിരുന്നു. മുൻകാലങ്ങളിലും കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന കാലയളവിൽ ബി.ആർ.എസിൽ നിന്നും ഇത്തരം ചോർച്ച സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ പിന്നീട് ക്രമേണ കോൺഗ്രസ് മുട്ടുമടക്കിയെന്നും റാവു പറഞ്ഞു.

2004-06 കാലഘട്ടത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് സമാന രീതിയിലുള്ള കൊഴിഞ്ഞുപോക്ക് പാർട്ടിയിലും ഉണ്ടായിരുന്നുവെന്നും, പിന്നീട് തെലങ്കാനയിലെ ജനങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കോൺഗ്രസ് തലയുയർത്തി നിൽക്കുകയുമായിരുന്നുവെന്നും കെ.ടി രാമ റാവു എക്സിൽ കുറിച്ചും.

webdesk13: