ലഖ്‌നൗ: ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്‍ കാഷിഫ് ജമാലിന് നേരെ വധശ്രമം. ഇന്നലെ രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത ശേഷം ഓടിപ്പോകുകയായിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ അജ്ഞാത സംഘം വണ്ടി നിര്‍ത്തിച്ച് മൂന്ന് തവണ വെടിവെക്കുകയായിരുന്നു. കഴുത്തിനും കൈക്കുമാണ് വെടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ച കാഷിഫ് ജമീലിന്റെ ശരീരത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ബുള്ളറ്റ് പുറത്തെടുത്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയുടെ സമീപത്താണ് സംഭവം നടന്നത്. ആരാണ് വെടിവെച്ചതെന്നതിനെ കുറിച്ച് അറിയില്ലെന്നും ബൈക്കിലെത്തിയ മൂവര്‍ സംഘം സഹോദരനെ വെടിവെച്ച് ഓടിപ്പോകുകയായിരുന്നെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ തങ്ങളെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചെന്നും ഒരു മണിക്കൂറോളം ചികിത്സ വൈകിപ്പിച്ചെന്നും ഡോ. കഫീല്‍ പറഞ്ഞു. അതേസമയം കാഷിഫ് ജമീല്‍ അപടനില തരണം ചെയ്‌തെന്ന് പൊലീസ് അറിയിച്ചു
ഒരു ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോകൂ എന്ന് പറഞ്ഞ് ഓടിക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ സഹോദരന്‍ ഐ.സി.യുവിലാണ്. തന്നേയും തന്റെ കുടുംബത്തേയും വകവെരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത് എന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു. എന്‍ജിനിയറായ കാഷിഫ് ജമീല്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണത്തെത്തുടര്‍ന്ന് സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി ഓക്‌സിജനെത്തിച്ചു നല്‍കി ചികിത്സ നടത്തിയതോടെയാണ് ഡോ.കഫീല്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. കുട്ടികളുടെ മരണത്തിന് ഉത്തരവാദി കഫീലാണെന്ന് കാണിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് എട്ടുമാസത്തിനു ശേഷം ജാമ്യത്തില്‍ വിടുകയുമായായിരുന്നു. .