X

സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവും: മേഖലയില്‍ ഖത്തര്‍ മുന്നില്‍

ദോഹ: ഖത്തരി വനിതകള്‍ കൂടുതല്‍ സ്വാതന്ത്ര്യം ആസ്വദിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്തതായി ദോഹ ഇന്റര്‍നാഷണല്‍ ഫാമിലി ഇന്‍സ്റ്റിറ്റിയൂട്ട്(ഡിഐഎഫ്‌ഐ) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നൂര്‍ അല്‍മാലികി അല്‍ജെഹാനി പറഞ്ഞു. രാജ്യത്തെ 40ശതമാനം വനിതകളും തൊഴിലെടുക്കുകയോ തൊഴില്‍ തേടുകയോ ചെയ്യുന്നുണ്ട്.മേഖലയിലെ ശരാശരി 25ശതമാനം മാത്രമായിരിക്കുമ്പോഴാണിത്. വനിതാസ്വാതന്ത്ര്യത്തിലും ശാക്തീകരണത്തിലും മേഖലയില്‍ ഖത്തര്‍ മുന്നിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പാനല്‍ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വനിതകളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അറബ് സര്‍ക്കാരുകള്‍ സ്ത്രീകള്‍ക്കെതിരായ വിവേചനത്തിന്റെ പാരമ്പര്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ തങ്ങളുടെ പ്രതിബദ്ധത തീര്‍ച്ചയായും പുതുക്കേണ്ടതുണ്ട്. സാംസ്‌കാരിക ലിംഗഭേദഗതികള്‍ മാറേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മീ റ്റൂ പോലെയുള്ള ക്യാമ്പയിനുകള്‍ക്ക് മിഡില്‍ഈസ്റ്റില്‍ ഗുണപരമായ പ്രതിഫലനങ്ങള്‍ ഉളവാക്കാനാകില്ല. അറബ് മനസ്ഥിതിയുടെ പ്രത്യേകത മൂലം മിഡില്‍ഈസ്റ്റിലെ വനിതകളുടെ അവകാശങ്ങളെ പ്രതിരോധിക്കുന്നതില്‍ വ്യത്യസ്തമാ ദിശ വേണം. പുരുഷന്‍മാര്‍ ശത്രുക്കളല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. പുരുഷന്‍മാരിലും വനിതകളിലും ലിംഗസമത്വ മനോഭാവത്തെ സ്വാധീനിക്കുന്നതില്‍ പിതാവ് വഹിക്കുന്ന പങ്കിനെക്കുറിട്ടും അവര്‍ വിശദീകരിച്ചു. ലിംഗ സമത്വവിഷയങ്ങളില്‍ തങ്ങളുടെ പിതാവിന്റെ കാഴ്ചപ്പാടാണ് ഒരു കുടുംബത്തിലെ മകനും മകളും സ്വീകരിക്കുന്നതെന്ന് മിഡില്‍ഈസ്റ്റില്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായതായും അവര്‍ ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ കാര്യത്തില്‍ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി വനിതാശാക്തീകരണ മുന്നേറ്റത്തിന തുടക്കമിടുകയായിരുന്നു. തന്റെ മകള്‍ ശൈഖ അല്‍മയാസയുടെ ബിരുദദാന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം തങ്ങളുടെ പെണ്‍മക്കളുടെ ബിരുദദാനചടങ്ങില്‍ പങ്കെടുക്കുന്ന പിതാക്കളുടെ ചിത്രങ്ങള്‍ ഒരു പതിവാകുകയായിരുന്നു- ജനാഹി പറഞ്ഞു. വാര്‍ത്താമാധ്യമങ്ങളിലും മള്‍ട്ടിമീഡിയകളിലും പ്രത്യക്ഷപ്പെട്ട ആദ്യ ഖത്തരി വനിതയായി ശൈഖ മൗസ ബിന്‍ത് നാസറിന്റെ മാതൃകയും ഖത്തരി വനിതകള്‍ പിന്തുടരുന്നതായും അവര്‍ പറഞ്ഞു.

chandrika: