ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി20യില്‍ യുവരാജ് നേടിയ ആറ് സിക്‌സര്‍ ക്രിക്കറ്റ് ലോകം മറന്നിട്ടില്ല. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെയാണ് യുവി അന്ന് അടിച്ചുപരത്തിയത്. എന്നാല്‍ പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യം ബ്രോഡിനോട് ചോദിച്ചാല്‍ ഏവരും പ്രതീക്ഷിക്കുന്ന ഉത്തരം യുവരാജ് എന്നായിരിക്കും. എന്നാല്‍ ബ്രോഡിന് അങ്ങനെയൊരു അഭിപ്രായമില്ല. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരായ റിക്കി പോണ്ടിങ്, ഷെയിന്‍ വാട്്‌സണ്‍, വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാദ്ദിന്‍ എന്നിവര്‍ക്ക് നേരെയാണ് പന്തെറിയാന്‍ പ്രയാസം എന്നാണ് ബ്രോഡ് പറഞ്ഞത്.
പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രോഡിന്റെ മറുപടി. എന്നാല്‍ യുവരാജ് അടിച്ചുകൂട്ടിയ ആറ് സിക്‌സറുകളടങ്ങിയ ഓവറാണ് ഏറ്റവും കടുപ്പമുള്ള തന്റെ ഓവറെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു. 2006ല്‍ ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയതാണ് ഓര്‍ത്തുവെക്കാവുന്ന വിക്കറ്റ് നേട്ടമെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു. 100 ടെസ്റ്റുകള്‍ കളിക്കുന്ന മൂന്നാമത്തെ ഇംഗ്ലീഷ് ബൗളറെന്ന നേട്ടത്തിനരികെ നില്‍ക്കുകയാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. ഈ പശ്ചാതലത്തിലാണ് അദ്ദേഹവുമായി ഡെയ്‌ലി മെയില്‍ ഇന്റര്‍വ്യൂ നടത്തിയത്. ബംഗ്ലാദേശിന് പുറമെ ഇന്ത്യക്കെതിരെയാണ് ഇംഗ്ലണ്ടിന് ഇനി ടെസ്റ്റ് കളിക്കാനുള്ളത്.