ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ പാര്‍ലമെന്റിന് പുറത്തെ സുരക്ഷാ വേലികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൈക്കിള്‍ യാത്രികരെയും കാല്‍നടയാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ചാണ് കാര്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം അഞ്ചുപേര്‍ കൊല്ലപ്പെട്ട ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഏതാനും മീറ്റര്‍ അകലെയാണ് സംഭവം.
അമിത വേഗതയിലെത്തിയ വാഹനം ട്രാഫിക് സിഗ്നലുകള്‍ ലംഘിച്ച് നടപ്പാതയിലേക്ക് കടന്ന് സെക്യൂരിറ്റി ബാരിയറില്‍ ഇടിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം വളഞ്ഞ് ഡ്രൈവറെ തോക്കുചൂണ്ടി പുറത്തിറക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജീന്‍സും ബ്ലാക്ക് പഫര്‍ ജാക്കറ്റും ധരിച്ച ഇരുപതുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ബ്രിട്ടീഷ് പൊലീസ് പറയുന്നു. ലണ്ടനില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ഭീഷണിയുള്ളതായി ഇന്റലിജന്‍സില്‍നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ പരിസര പ്രദേശവും തെരുവുകളും പൊലീസ് അടച്ചു. വാഹനം ഇടിച്ചുകറ്റിയത് മനപ്പൂര്‍വമാണെന്ന് സംശയിക്കുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ലണ്ടനില്‍ നടന്നത് ഭീകരാക്രമണമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ‘മൃഗങ്ങള്‍’ക്കെതിരെ കര്‍ശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. ഈ മൃഗങ്ങള്‍ ഭ്രാന്തന്മാരാണ്. അവരെ ശക്തമായി തന്നെ നേരിടണം.’-ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. ലോകത്ത് ഭീകരാക്രമണ ഭീഷണിയുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രിട്ടന്‍. 2017 മാര്‍ച്ചില്‍ ഖാലിദ് മസ്ഊദ് എന്ന 52കാരന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിന് സമീപം നാലുപേരെയും പാര്‍ലമെന്റ് മന്ദിരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനെയും കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇയാള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തു.
- 6 years ago
chandrika
Categories:
Video Stories
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം
Tags: British ParliamentUK