X

പദ്മാവതിക്ക് പ്രദര്‍ശനാനുമതിയുമായി ബി.ബി.എഫ്.സി; ബ്രിട്ടനിലെ തീയേറ്ററുകളും കത്തിക്കുമെന്ന് കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാന്‍ അനുമതി. ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (ബി.ബി.എഫ്.സി) ആണ് അനുമതി നല്‍കിയത്. ചിത്രത്തിന് 12 എ സര്‍ട്ടിഫിക്കറ്റ് നല്‍കി ‘ഫീച്ചര്‍’ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒരു രംഗവും നീക്കം ചെയ്യാതെ തന്നെ ഡിസംബര്‍ ഒന്നിന് പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്ന് ബി.ബി.എഫ്.സി അറിയിച്ചു.

എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ബ്രിട്ടനിലെ തീയേറ്ററുകളും കത്തിക്കുമെന്ന് കര്‍ണിസേന ഭീഷണി മുഴക്കി. അവിടുത്തെ രജ്പുത് വിഭാഗക്കാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി കര്‍ണിസേന തലവന്‍ സുക്ദേവ് സിങ് പറഞ്ഞു.

അതേസമയം ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ യു.കെയില്‍ ചിത്രം റിലീസ് ചെയ്യില്ലെന്നു നിര്‍മാതാക്കള്‍ വ്യക്തമാക്കി. ചിത്രം ബ്രിട്ടനിലോ ഇന്ത്യയിലോ ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. റിലീസിങ് തീരുമാനിച്ചാല്‍ അക്കാര്യം അറിയിക്കും. ഇപ്പോള്‍ യു.കെയില്‍ പ്രദര്‍ശനത്തിന് ഒരു പദ്ധതിയുമില്ല-അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം ഇന്ത്യയില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി വൈകുമെന്ന് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി വ്യക്തമാക്കി.


അപേക്ഷ നല്‍കിയാലുടന്‍ ചിത്രത്തിന് അനുമതി നല്‍കാന്‍ കഴിയില്ല. അതിന് ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. പദ്മാവതിയുടെ കാര്യത്തില്‍ സന്തുലിതമായ ഒരു തീരുമാനമാണ് എടുക്കേണ്ടത്. അതിന് സമയം ആവശ്യമാണ്. അപേക്ഷ സമര്‍പ്പിച്ച് 68 ദിവസങ്ങള്‍ക്ക് ശേഷമേ തീരുമാനമുണ്ടാകൂ -അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ ഒന്നിനാണ് ചിത്രം ലോകത്താകമാനം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വൈകിയതോടെ റിലീസ് മാറ്റി. റിലീസിങിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. അതിനിടെ, ബി.ജെ.പി ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ സിനിമ നിരോധിച്ചിരുന്നു. ദീപിക, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തിന് 190 കോടി രൂപയാണ് ചെലവ്്. രജപുത്ര രാജ്ഞിയായ റാണി പദ്മാവതിയുടെയും ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെയും കഥ പറയുന്ന സിനിമ ഹൈന്ദവ സംസ്‌കാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു ആരോപണം.

chandrika: