X

രാജ്ഞിയുടെ സംസ്‌കാര സമയം ശബ്ദം പാടില്ല; വിമാനങ്ങള്‍ റദ്ദാക്കി ബ്രിട്ടന്‍

ലണ്ടന്‍: ഔദ്യോഗിക ബഹുമതികളോടെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം നടക്കുന്ന വേളയില്‍ നൂറോളം വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കി ബ്രിട്ടീഷ് എയര്‍വേയ്‌സ്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. രാജ്ഞിയുടെ സംസ്‌കാര സമയത്ത് വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്റു ചെയ്യുമ്പോഴുമുണ്ടാകുന്ന ശബ്ദം ഇല്ലാതാക്കാന്‍ വേണ്ടിയാണിത്.

പ്രാദേശിക സമയം പകല്‍ 11.40 മുതല്‍ 12.10 വരെ അര മണിക്കൂര്‍ സമയം വിമാനങ്ങളൊന്നും സര്‍വീസ് നടത്തില്ല. കൂടാതെ രാജ്ഞിയുടെ ഭൗതികശരീരവുമായി പ്രദക്ഷിണം നടക്കുന്ന ഉച്ചക്ക് 1.45 മുതല്‍ 35 മിനിറ്റ് സമയം ഹീത്രോയില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കില്ല. വിന്റ്‌സര്‍ കാസിലിലേക്ക് പ്രദക്ഷിണമടുക്കുമ്പോള്‍ വൈകിട്ട് 3.05 മുതല്‍ ഒരു മണിക്കൂര്‍ 40 മിനിറ്റ് നേരം വിമാനങ്ങള്‍ പുറപ്പെടുന്നതിന് വിലക്കുണ്ടാവും.

സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന രാത്രി ഒമ്പതു മണി വരെ വിമാന സര്‍വീസുകളില്‍ നിയന്ത്രണമുണ്ടാകും. ബ്രിട്ടീഷ് എയര്‍വേസ് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കുമെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു.

Chandrika Web: