ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ ഫലസ്തീന്‍ അനുകൂല ഗ്രൂപ്പിനെ ഭീകരതാ പട്ടികയില്‍ നിന്നു നീക്കി. ഫലസ്തീന്‍ സോളിഡാരിറ്റി കാംപെയ്ന്‍ (പി.എസ്.സി) എന്ന സംഘടനയാണ് 2015-ല്‍ ചുമത്തപ്പെട്ട വിശേഷണത്തില്‍ നിന്ന് നിയമ പോരാട്ടത്തിലൂടെ വിജയകരമായി പുറത്തുവന്നത്. ഇതോടെ, സംഘടനയുടെ മരവിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു നല്‍കും.
ഗവണ്‍മെന്റ് ഇതര ഭീകരതാ നിരീക്ഷണ സംവിധാനമായ വേള്‍ഡ് ചെക്ക് ഡേറ്റാബേസിലാണ്, ഭീകര സംഘടന എന്ന പേരില്‍ പി.എസ്.സിയെ അടയാളപ്പെടുത്തിയിരുന്നത്. വേള്‍ഡ് ചെക്ക് ഡേറ്റാബേസിന്റെ നിരീക്ഷണം അടിസ്ഥാനമാക്കിയാണ് ആഗോള സാമ്പത്തിക സംവിധാനങ്ങള്‍ ഇടപാടുകള്‍ നിശ്ചയിക്കുന്നത്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഘടനയുടെയും ചെയര്‍മാന്‍ ഹഫ് ലാന്നിങിന്റെയും സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ചിരുന്നു.
സമാധാനപരമായി പ്രവര്‍ത്തിക്കുന്ന പി.എസ്.സിക്കെതിരായ നീക്കത്തിനെതിരെ ബ്രിട്ടനിലും പുറത്തും ശക്തമായ എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്. നിയമ പോരാട്ടത്തിലൂടെ, തങ്ങള്‍ക്കെതിരായ നീക്കം ചെറുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പി.എസ്.സിയുടെ ഭീകരതാ ബന്ധത്തിന് തെളിവുകളൊന്നും ഹാജരാക്കാന്‍ വേള്‍ഡ് ചെക്കിന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് വേള്‍ഡ് ചെക്ക് അധികൃതര്‍ മാപ്പുപറഞ്ഞതായും ഭാവിയില്‍ ഭീകരതാ പട്ടികയില്‍ സംഘടനയെ ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പു നല്‍കിയതായും പി.എസ്.സിയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. ഇന്ത്യന്‍ വംശജനായ രവി നായിക് ആണ് പി.എസ്.സിക്ക് വേണ്ടി ഹാജരായത്.
തങ്ങള്‍ക്കെതിരായ ദുഷ്പ്രചരണത്തിനു പിന്നില്‍ ഇസ്രാഈല്‍ ആണെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് അടക്കമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഹഫ് ലാന്നിങ് പറഞ്ഞു: ‘പി.എസ്.സിയെയും അതിലെ അംഗങ്ങളെയും പറ്റി അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങള്‍ ഉന്നയിക്കുന്ന ഗവണ്‍മെന്റും അവരുടെ അനുയായികളും പുതിയ സംഭവ വികാസങ്ങള്‍ കാണുമെന്ന് ഞാന്‍ കരുതുന്നു. ഇസ്രാഈലില്‍ നിന്ന് എന്നെ നാടുകടത്തിയതിനു പിന്നാലെ എനിക്കെതിരെയും സംഘടനക്കെതിരെയും ആരംഭിച്ച കുപ്രചരണങ്ങള്‍ നിര്‍ത്താനും കള്ളങ്ങള്‍ അച്ചടിക്കാതിരിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
അമേരിക്ക ആസ്ഥാനമായുള്ള ചില വലതുപക്ഷ സംഘടനകളുടെ പ്രചരണത്തെ തുടര്‍ന്നാണ് പി.എസ്.സിയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് സൂചന. എന്നാല്‍, ഇവരുടെ ഭീകരതാ ബന്ധം തെളിയിക്കുന്ന രേഖകളൊന്നും വേള്‍ഡ് ചെക്കിന്റെ കൈവശം ഉണ്ടായിരുന്നില്ല.