ലണ്ടന്‍: ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ 22 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ബോംബ് സ്‌ഫോടനത്തോടെ ഭീഷണി അവസാനിച്ചെന്ന് സമാധാനിക്കേണ്ടതില്ലെന്നും ആക്രമണത്തിന് ഇനിയും സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി തെരേസ മേയ്. ബ്രിട്ടന്‍ നേരിടുന്ന ഭീഷണി രൂക്ഷമായ സ്ഥിതിയില്‍നിന്ന് ഗുരുതരമായ അവസ്ഥയിലേക്ക് വളര്‍ന്നിരിക്കുകയാണ്. തുടര്‍ന്നും ആക്രമണത്തിനുള്ള സാധ്യത ഭരണകൂടം തള്ളിക്കളയുന്നില്ല. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിനുശേഷം രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ മേയ് പറഞ്ഞു.
മാഞ്ചസ്റ്റര്‍ അറീനയില്‍ അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഒരാളായിരിക്കില്ല. ഒരു കൂട്ടം വ്യക്തികള്‍ക്ക് അതുമായി ബന്ധമുണ്ടാകാം-പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇസ്‌ലാമിക് സ്റ്റേ റ്റ്(ഐ. എസ്) ഉത്തരവാദിത്തം ഏറ്റെടുത്ത സംഭവത്തില്‍ കൊ ല്ലപ്പെട്ട സല്‍മാന്‍ ആബിദി എന്ന ചാവേറിന്റെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. രാജ്യത്തെ പ്രധാന തെരുവുകളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. അയ്യായിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.
തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. സംഗീത, കായിക, പൊതുപരിപാടികളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ആക്രമണം നടത്തിയ ചാവേറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മാഞ്ചസ്റ്ററിലെ രണ്ടു പാര്‍പ്പിട കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഒരിടത്ത് പൊലീസ് നിയന്ത്രിത സ്‌ഫോടനം നടത്തി.
ആക്രമണവുമായി ബന്ധപ്പെട്ട് 23 വയസുകാരനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മാര്‍ച്ചില്‍ ലണ്ടനില്‍ പാര്‍ലമെന്റ് മന്ദിരത്തിനുനേരെയുണ്ടായ ആക്രമണത്തെക്കാള്‍ ആസൂത്രിതവും ഏറെ സങ്കീര്‍ണവുമായിരുന്നു പുതിയ ആക്രമണമെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തില്‍ പരിക്കേറ്റ 64 പേരില്‍ 12 പേര്‍ കുട്ടികളാണ്.
ബ്രിട്ടീഷ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെക്കുന്നതായി അറിയിച്ചു.
- 7 years ago
chandrika
മൂന്നുപേര്‍ അറസ്റ്റില്‍ ഭീതിയോടെ ബ്രിട്ടന്‍
Tags: britia