ലണ്ടന്‍: ബ്രിട്ടന്‍ അഭയം നല്‍കിയിരുന്ന മുന്‍ റഷ്യന്‍ ഇരട്ട ചാരന്‍ സെര്‍ജി സ്‌ക്രീപലിനെയും മകള്‍ യൂലിയയേയും രാസായുധം പ്രയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് റഷ്യക്കാരുടെ പേരുകള്‍ ബ്രിട്ടീഷ് പൊലീസ് പുറത്തുവിട്ടു. അലക്‌സാണ്ടര്‍ പെട്രോവ്, റസ്ലന്‍ ബോഷിറോവ് എന്നീ റഷ്യക്കാര്‍ക്ക് ആക്രമണത്തില്‍ പങ്കുള്ളതിന് വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് പറയുന്നു.
66കാരനായ സ്‌ക്രീപലിനും 33കാരിയായ യൂലിയക്കും നേരെ നൊവിചോക് എന്ന രാസായുധമാണ് പ്രയോഗിച്ചിരുന്നത്. മാര്‍ച്ചില്‍ സാലിസ്ബറിയിലെ ഒരു പാര്‍ക്കില്‍ അവശനിലയില്‍ കണ്ടെത്തിയ ഇരുവരും സുഖംപ്രാപിച്ച് ആസ്പത്രി വിട്ടിരുന്നു. മൂന്ന് മാസത്തിന് ശേഷം സാലിസ്ബറിയില്‍നിന്ന് എട്ട് മൈല്‍ അകലെ ആമെസ്ബറിയിലുള്ള വീട്ടില്‍ രണ്ട് ദമ്പതിമാരെയും നൊവിചോക് പ്രയോഗത്തില്‍ അവശരായി കണ്ടെത്തി. ഇവരില്‍ ഭാര്യ ചികിത്സക്കിടെ മരിച്ചപ്പോള്‍ ഭര്‍ത്താവ് സുഖംപ്രാപിച്ച് ആസ്പത്രി വിട്ടു.
രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ കരങ്ങള്‍ തന്നെയാണെന്ന് പൊലീസ് സംശിക്കുന്നുണ്ട്. മാര്‍ച്ച് രണ്ടിന് മോസ്‌കോയില്‍നിന്ന് ഗാറ്റ്‌വിക് വിമാനത്താവളത്തില്‍ എത്തിയ അലക്‌സാണ്ടര്‍ പെട്രോവും റസ്ലന്‍ ബോഷിറോവും ബോ റോഡിലെ സിറ്റി സ്‌റ്റേ ഹോട്ടലില്‍ താമസിച്ച ശേഷം സാലിസ്ബറിയില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ബ്രിട്ടന്‍ പുറത്തുവിട്ടിട്ടില്ല. കുറ്റവാളികളെ കൈമാറാന്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ ധാരണയില്ലാത്തതുകൊണ്ട് പ്രതികളെ റഷ്യക്ക് വിട്ടുകൊടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നാണ് ബ്രിട്ടീഷ് ഭരണകൂടം ആരോപിക്കുന്നത്. ഇതേ ചൊല്ലി റഷ്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. എന്നാല്‍ ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്.