ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന ബ്രിട്ടനില്‍ വിലക്കയറ്റം രൂക്ഷമായി. ഭക്ഷ്യ സാധന വില 10 ശതമാനം ഉയര്‍ന്നുവെന്നാണ് ഉപഭോക്തൃ വില സൂചിക(സി.പി. ഐ) വ്യക്തമാക്കുന്നത്. ഓഗസ്റ്റില്‍ 9.9 ശതമാനമായിരുന്നു സൂചികയെങ്കില്‍ ഒക്ടോബറില്‍ 10.1 ശതമാനമായി. വാതക ക്ഷാമവും വിലക്കയറ്റവും 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്.
ഹോട്ടല്‍ ഭക്ഷണങ്ങളും പൊള്ളിത്തുടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഊര്‍ജ ബില്ലുകളും ഭക്ഷ്യവിലകളും ബ്രിട്ടീഷ് കുടുംബങ്ങളുടെ ഗാര്‍ഹിക ബജറ്റിനെ താളം തെറ്റിച്ചതായി പുതിയ ധനമന്ത്രി ജെറമി ഹണ്ട് സമ്മതിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍ സാധാരണക്കാര്‍ നട്ടംതിരിയുന്നതിനിടെ സമ്പന്നര്‍ക്കുള്ള നികുതി വെട്ടിക്കുറക്കാനുള്ള പ്രധാനമന്ത്രി ലിസ് ട്രസിന്റെ തീരുമാനം ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്. ട്രസിനെതിരെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പടയൊരുക്കങ്ങള്‍ സജീവമായതോടെ നികുതി ഇളവുകള്‍ പിന്‍വലിക്കുകയായിരുന്നു.
കസേര തെറിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ട്രസ് മാപ്പുചോദിച്ചെങ്കിലും പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചില എംപിമാരും തങ്ങളുടെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചു. ചോദ്യോത്തര വേളയില്‍ ട്രസ് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ചില അംഗങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇവരെന്താണ് ഇപ്പോഴും എവിടെയെന്ന ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറിന്റെ ചോദ്യം ട്രസിനെ ക്ഷുഭിതയാക്കി. താന്‍ നിശബ്ദയല്ലെന്നും പോരാളിയാണെന്നുമായിരുന്നു ട്രസിന്റെ മറുപടി. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ദേശീയ താല്‍പര്യത്തോടെയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.