ബ്രിസ്‌ബെയ്ന്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍.
20 റണ്‍സുമായി ഡേവിഡ് വാര്‍ണറും ഒരു റണ്ണുമായി മാര്‍ക്കസ് ഹാരിസുമാണ് ക്രീസില്‍. ഓസീസിന് 54 റണ്‍സ് ലീഡായി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 336 റണ്‍സിന് പുറത്തായിരുന്നു.
ഏഴാം വിക്കറ്റില്‍ ഏഴാം വിക്കറ്റില്‍ 123 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വാഷിങ്ടണ്‍ സുന്ദര്‍ – ഷാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മാത്രമാണ് ഇന്ത്യ വഴങ്ങിയത്.
ഒരു ഘട്ടത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ 300 കടത്തിയത് ഈ സഖ്യമാണ്.
തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയ വാഷിങ്ടണ്‍ സുന്ദര്‍ 62 റണ്‍സെടുത്തു. അതിനിടെ ടെസ്റ്റിലെ അരങ്ങേറ്റ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റും അര്‍ധ സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സുന്ദര്‍ സ്വന്തമാക്കി.
67 റണ്‍സെടുത്താണ് ഷാര്‍ദുല്‍ പുറത്തായത്. രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന ഷാര്‍ദുലിന്റെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്
ഗാബയില്‍ ഏഴാം വിക്കറ്റില്‍ ഒരു ഇന്ത്യന്‍ സഖ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന നേട്ടവും ഈ സഖ്യം സ്വന്തം പേരിലാക്കി.